നടന്‍ മോഹന്‍ലാല്‍ എല്ലാവര്‍ഷവും ആയുര്‍വേദ ചികിത്സക്കായി കുറച്ച് സമയം മാറ്റിവെക്കാറുണ്ട്. ഇക്കൊല്ലം കൊറോണയും ലോക്ക് ഡൗണും ആയിരുന്നതിനാല്‍ ഇപ്പോഴാണ് സമയം ഒത്തുവന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയില്‍ കുടുംബത്തോടൊപ്പമായിരുന്നു മോഹന്‍ലാല്‍. പാലക്കാട് പെരിങ്ങോട്ടുകരയിലെ ഒരു ആയുര്‍വേദ ഹെറിറ്റേജിലാണ് താരമിപ്പോള്‍ ചികിത്സയിലുള്ളത്. ഒപ്പം ഭാര്യ സുചിത്രയുമുണ്ട്. ഇവിടെ നിന്നുള്ള താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചാരനിറത്തിലുള്ള ജുബ്ബയും പൈജാമയും വെളുത്ത തലേക്കെട്ടുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. താരത്തിന്‍റെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് ഫോട്ടോകള്‍ പ്രചരിക്കുന്നത്.
ചികിത്സക്ക് ശേഷമാകും മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ദൃശ്യം 2വിന്‍റെ ചിത്രീകരണം ആരംഭിക്കുക. സെപ്തംബര്‍ 14ന് ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ ഷൂട്ടിങ് വൈകുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ ഒരുക്കുന്നത്.