ക്ലബ്ബ് ഹൗസിലും ഫേസ്ബുക്കിലുമായി സിനിമാതാരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് പ്രചരിക്കുകയാണെന്നും അത് വ്യാജനാണെന്നും വ്യക്തമാക്കുകയാണ് നടൻ ജോജു ജോർജ്.
'ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ്' എന്ന് കുറിച്ചുകൊണ്ട് ജോജു ജോർജ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ വ്യാജനെകുറിച്ച് മുന്നറിയിപ്പ് നൽകിയത്. ജഗമേ തന്തിരം സിനിമയുടെ വിശേഷങ്ങളടക്കം വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവക്കുന്നതിനാൽ ജോജു ജോർജിന്‍റെ അക്കൗണ്ടാണെന്ന് ആരാധകരും തെറ്റിദ്ധരിക്കാൻ സാധ്യതയേറെയാണ്.
Also Read: ഫേസ്ബുക്കിലെ ബാബുരാജിനെ അന്വേഷിച്ച് യഥാര്‍ഥ ബാബുരാജ്
സിനിമയുടെ റിലീസിന് ശേഷം മലയാളത്തിന് പുറമെ, തമിഴകത്തിലും താരത്തിന് ആരാധകർ വർധിച്ച സമയമാണിത്. അതിനാൽ തന്നെ വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരാധകർക്ക് താരം മുന്നറിയിപ്പ് നൽകുകയായിരുന്നു.
ജൂൺ 18നാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ജഗമേ തന്തിരം നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്തത്. സിനിമയുടെ കഥയും പ്രമേയവും മികച്ചതാണെങ്കിലും അവതരണത്തിൽ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, ജോജു ജോർജിന്‍റെ ശിവദോസായുള്ള പ്രകടനത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ അഭിനന്ദനമറിയിക്കുന്നുണ്ട്.