തെലുങ്ക് സിനിമാ മേഖലയില്‍ ചുവടുറപ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ജയറാം. അടുത്തിടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന താരം പ്രഭാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. പ്രഭാസിന്‍റെ പുതിയ ചിത്രം രാധേ ശ്യാമില്‍ ജയറാമും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഭാഗമാകുന്ന വിവരം ജയറാം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂെട അറിയിച്ചത്. ജയറാം പങ്കുവെച്ച പ്രഭാസിനൊപ്പമുള്ള ഫോട്ടോ സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയതാണ്.
രാധേ ശ്യാമിന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം പ്രഭാസും പൂജ ഹെഗ്‌ഡെയും രാധേ ശ്യാമിന്‍റെ ഭാഗമായുള്ള അവരുടെ ഇറ്റലി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് സീക്വന്‍സ് ചിത്രീകരിക്കുന്നതിനായി ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ വിലയേറിയ ഒരു സെറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. യൂറോപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരു കാലഘട്ട പ്രണയകഥയാണ് രാധേ ശ്യാം പറയുക. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, പ്രിയദര്‍ശി, ഭാഗ്യശ്രീ, മുരളി ശര്‍മ, സത്യന്‍ ശിവകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ രാധേ ശ്യാമിന്‍റെ മനോഹരമായ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
അനുഷ്‌ക ഷെട്ടി ചിത്രം ബാഗമതിയിലൂടെയാണ് ജയറാം തെലുങ്കില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമലുവില്‍ അല്ലുവിന്‍റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതും ജയറാമായിരുന്നു. രാധേ ശ്യാം ജയറാമിന്‍റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ്. തമിഴില്‍ പുറത്തിറങ്ങിയ ആന്തോളജി പുത്തംപുതു കാലൈയാണ് ഏറ്റവും അവസാനം റിലീസ് ചെയ്‌ത ജയറാം ചിത്രം. സിനിമയില്‍ ഉര്‍വശിയായിരുന്നു ജയറാമിന്‍റെ നായികയായി എത്തിയത്.