തിരുവനന്തപുരം: ഇന്നലെ അന്തരിച്ച നടൻ അനിൽ.പി.നെടുമങ്ങാടിന് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാന നഗരം. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തിൽ സിനിമാ സാംസ്‌കാരിക നാടക രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഭാരത് ഭവനിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഒരു മണിക്കൂറോളം പൊതുദർശനം നീണ്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർക്കാരിനായി അന്ത്യാഞ്ജലി അർപ്പിച്ചു. നടൻ അലൻസിയർ സീരിയൽ-സിനിമ നാടക രംഗത്തെ നിരവധി പ്രമുഖർ എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം ജന്മനാടായ നെടുമങ്ങാടേക്ക് കൊണ്ടുപോയി.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അനില്‍.പി.നെടുമങ്ങാട്. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ വെച്ചാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് പോകുകയായിരുന്നു. ജോജു ജോര്‍ജിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു അനില്‍. സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ സതീഷ് നായര്‍ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയും നാടകങ്ങളിലൂടെയുമാണ് അനില്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. തസ്‌കരവീരനാണ് ആദ്യ ചിത്രം. രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അനില്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ച അനിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മുഖ്യധാരാ സിനിമയിൽ എത്തിയത്. 2014ന് ശേഷം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.