എറണാകുളം: സിനിമാതാരം അനിൽ മുരളി(56) അന്തരിച്ചു. ഇന്നുച്ചയ്‌ക്ക് 12.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം ചിത്രങ്ങളിൽ സഹതാരമായും പ്രതിനായക വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. നടന്‍റെ മൃതദേഹം കൊച്ചി ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചശേഷം സ്വദേശമായ തിരുവന്തപുരത്തേക്ക് കൊണ്ടുപോയി. നാളെയാണ് സംസ്‌കാരം.
സീരിയലുകളിലൂടെയാണ് അനിൽ മുരളി അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. മുഖ്യമായും പ്രതിനായകവേഷങ്ങളിൽ തിളങ്ങിയ താരത്തിന്‍റെ ആദ്യ സിനിമ 1993ൽ റിലീസ് ചെയ്‌ത 'കന്യാകുമാരിയിൽ ഒരു കവിത'യാണ്. മാണിക്യകല്ല്, അലിഭായ്, ട്വന്‍റി20, റൺ ബേബി റൺ, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ഹീറോ, ജോസഫ്, ചേട്ടായീസ്, ധനുഷ് ചിത്രം കൊടി, ബാബ കല്യാണി, നസ്രാണി, ആമേൻ, തനി ഒരുവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്‌തു. സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അനിൽ മുരളി എ വൺ അനിൽ എന്നും അറിയപ്പെട്ടിരുന്നു. തിരുവനന്തപുരത്തുള്ള എ വൺ സ്റ്റുഡിയോ നടന്‍റെ ഉടമസ്ഥതയിലുള്ളതാണ്. തമിഴ്, തെലുങ്ക് സിനിമകളുടെ വിതരണ രംഗത്തും അനിൽ മുരളി പ്രവർത്തിച്ചിട്ടുണ്ട്.