മലപ്പുറം: നടന്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ചലച്ചിത്ര ശില്‍പ്പശാല നടത്തുന്നു. നിലമ്പൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രവീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. നിലമ്പൂര്‍ പാത്തിപ്പാറയില്‍ വെച്ചാണ് ഏതാനും ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നടത്തുക. ഞായറാഴ്‌ച ശില്‍പ്പശാലക്ക് തുടക്കമാകും. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ നിലമ്പൂര്‍ കേന്ദ്രീകരിച്ച് തയ്യാറാക്കാനും പദ്ധതിയുണ്ട്. ചടങ്ങില്‍ ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ്, സിനിമാ-നാടക നടി നിലമ്പൂര്‍ ആയിഷ, സംസ്‌കാര സാഹിതി സംസ്ഥാന അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കും. നടി നിലമ്പൂര്‍ ആയിഷയെ ചടങ്ങില്‍ ആദരിക്കും. മിഡില്‍ ഈസ്റ്റില്‍ പിന്നീട് നടക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിലമ്പൂരില്‍ നിന്ന് നിര്‍മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും രവീന്ദ്രന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് വീടുകള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന കുട്ടികളുടെ പ്രശ്‌നങ്ങങ്ങളെ കുറിച്ചുള്ള ഹ്രസ്വചിത്രമാണ് ഞായറാഴ്ച്ച ചിത്രീകരണം ആരംഭിക്കുക. പ്രവാസികളുടെ ജീവിതം ഉള്‍പ്പെടുന്ന ചിത്രമാണ് മറ്റൊന്ന്. നിക്കോണ്‍ കമ്പനിയാണ് ചിത്രീകരണത്തിനായി ക്യാമറയും മറ്റുപകരണങ്ങളും നല്‍കി സഹകരിക്കുന്നത്. ഷോര്‍ട്ട് ഫിലിം മേഖലയിലേക്ക് കടന്നുവരാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ശില്‍പശാലയില്‍ അവസരം നല്‍കും. കൊവിഡ് കാലം മലയാള സിനിമയെ ബാധിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടക്കുമെന്നും കൊവിഡിനെ ഭയക്കേണ്ട ആവശ്യമില്ല ജാഗ്രതയാണ് വേണ്ടതെന്നും രവീന്ദ്രന്‍ പറഞ്ഞു.