സുവർണ്ണ ജൂബിലിയുടെ നിറവിൽ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.ഐ) ഇന്ന് തുടക്കമാകും . ഡോ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് അവതാരകനായെത്തുന്നത് സംവിധായകന്‍ കരണ്‍ ജോഹറാണ്.
ഇന്ന് മുതൽ 28 വരെ നടക്കുന്ന മേളയില്‍ 76 രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 50 വനിതാ സംവിധായകരുടെ ഓരോ സിനിമകൾ വീതം ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇതുനുപുറമെ, ഓസ്‌കാർ നോമിനേഷനിലേക്ക് പരിഗണിച്ചിരിക്കുന്ന 24 ചിത്രങ്ങളും മേളയിൽ മാറ്റുരയ്ക്കും. കൂടാതെ, ഗോവ മുൻമുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ സ്‌മരിച്ചുകൊണ്ട് ഐ.എഫ്.എഫ്.ഐയുടെ ഉദ്‌ഘാടനചടങ്ങിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കും.
മേളയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ അതുല്യ സംഭാവനകൾക്ക് രജനികാന്തിനെയാണ് സുവർണ്ണ ജൂബിലിയുടെ ഐക്കണായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് താരത്തിന് പുരസ്‌കാരം സമ്മാനിക്കും. ഫ്രഞ്ച് നടൻ ഇസബെൽ ഹുപേർട്ടിനാണ് വിദേശ കലാകാരനുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം. 9,300 പേരാണ് ഇത്തവണ മേളയില്‍ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാള്‍ 35 ശതമാനം പേർ അധികമുണ്ടെന്ന് എന്‍റർടൈൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവ സിഇഒ അറിയിച്ചു.