ജീവിതത്തിന്‍റെ കൊടുംക്രൂരതകൾക്കും ആയുസെടുക്കാൻ വന്ന രക്താർബുദത്തിനും മുന്നില്‍ അചഞ്ചലനായി നിലയുറപ്പിച്ച അഭിനേതാവാണ് സത്യന്‍. കൂടിപ്പോയാൽ ഒരു നാല് മാസം എന്നാണ് രോഗം കണ്ടെത്താൻ വൈകിയതിനാൽ ഡോക്‌ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, പിന്നെയും രണ്ട് വർഷങ്ങളിൽ പതിനാലും പതിനഞ്ചും ചിത്രങ്ങളിലെ ജീവസുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞാണ് സത്യൻ അകന്നത്.
മരണാനന്തരം, മികച്ച നടനുള്ള മറ്റൊരു സംസ്ഥാന അവാർഡ് കൂടി തന്‍റെ പേരിലാക്കിയിട്ടായിരുന്നു ആ യാത്ര...1971 ജൂൺ 15.... അമ്പത് വർഷങ്ങൾ പിന്നിട്ടു. അഭിനയശാസ്ത്രത്തിൽ അയാൾ, ഇന്നും ഇന്നലെയും നാളെയുമാണ്. മാനുവൽ സത്യനേശൻ നാടാർ... സിനിമയുടെ പരിവേഷമില്ലാതെ മലയാളം സത്യൻ മാഷെന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്.
രോഗാവസ്ഥയിലും തളരാതെ ഒരേ സമയം ഒരുപാട് സിനിമകളിൽ ഭാവപ്പകർച്ച നൽകിയ കലാകാരൻ. വേഷങ്ങളിൽ നിന്ന് വേഷങ്ങളിലേക്ക് അനായാസം കൂടുവിട്ട് കൂട് മാറിയ സത്യൻ മാഷ് ഒരു മാന്ത്രികനായിരുന്നു. കൈവണ്ടി വലിക്കുന്ന റിക്ഷാക്കാരനായും കൂലിപ്പണിക്കാരനായും ചതിക്കപ്പെട്ട മുക്കുവനായും ഡോക്‌ടറായും ശാസ്‌ത്രജ്ഞനായും കമ്മ്യൂണിസ്റ്റുകാരനായും കരുണ തീണ്ടാത്ത കോടീശ്വരനായും ദുർവാശിക്കാരൻ അച്ഛനായും ദുരഭിമാനിയായ കാരണവരായും മുടന്തൻ വൃദ്ധനായും ന്യൂജെൻ യുവാവായും പടുകിഴവനായും...
അങ്ങനെ ഒരു വേഷത്തിൽ നിന്നും അതിന്‍റെ നേരെ എതിർവശത്തെ വേഷം വരെ ഒട്ടും ആയാസമില്ലാതെ എടുത്തണിഞ്ഞ ജാലവിദ്യക്കാരൻ. അഭിനയത്തിൽ ഏത് രൂപവും തന്നിലേക്ക് ആവാഹിച്ച്, അതിൽ നാടകാഭിനയത്തിന്‍റെ തെല്ലും സാമീപ്യം കൊണ്ടുവരാതെ അദ്ദേഹം പകർന്നാടി.
അതിനാലാണ് ഉറുമി ചുഴറ്റിപ്പറന്ന് വെട്ടുന്ന തച്ചോളി ഒതേനനേയും കുടുംബപ്രാരാബ്‌ധത്തിനെ ചുമലിലേറ്റിയ ഓടയില്‍ നിന്നിലെ കൈവണ്ടിക്കാരന്‍ പപ്പുവിനെയും കെട്ടിയ പെണ്ണിന്‍റെ ഉള്ളറിയാതെ വഞ്ചിക്കപ്പെട്ട പളനിയെയും മൂലധനത്തിലെ കമ്യൂണിസ്റ്റ് നേതാവിനെയുമൊക്കെ പതിറ്റാണ്ടുകൾക്കിപ്പറവും മലയാളം നെഞ്ചിലേറ്റുന്നത്.
സത്യവും നെറിയുമുള്ള നായകകഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങിക്കൂടിയിരുന്നില്ല സത്യൻ മാഷ്. നീലക്കുയിലിൽ താണ ജാതി സമുദായത്തിലെ പാവപ്പെട്ട പെൺകുട്ടിയെ പ്രേമിച്ച് വഞ്ചിക്കുന്ന ശ്രീധരന്‍ നായരെ സത്യൻ അനായാസമായി വെള്ളിത്തിരയിൽ പകർത്തിവച്ചു.
പകല്‍ക്കിനാവിൽ ധൂര്‍ത്തനായ പൊങ്ങച്ചക്കാരൻ പ്രമാണിയെ അവിസ്മരണീയമാക്കി, കടല്‍പ്പാലത്തിൽ പരസ്‌പരം മല്ലടിക്കുന്ന അച്ഛനും മകനുമായി ഒരേ സമയം സ്ക്രീനിൽ നിറഞ്ഞുനിന്നു, കരകാണാക്കടലിൽ നിസ്സഹായനായ കുടുംബനാഥനായി ജീവിച്ചു, വാഴ്‌വേമയത്തിൽ സംശയരോഗിയായ ഭർത്താവിനെ പകർന്നാടി...
അങ്ങനെ ജീവിതത്തിലെ പല കോണുകളിലുള്ള മനുഷ്യരെ സത്യനിലൂടെ മലയാളി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തിക്കുറിക്ക് ശേഷം മലയാളത്തിലെ സൂപ്പർസ്റ്റാറായിരുന്നു സത്യൻ. തിരുവനന്തപുരത്തെ ആറാമടയില്‍ 1912 നവംബര്‍ ഒമ്പതിന് ജനിച്ചു. ജെ.സി ഡാനിയേലിനെപ്പോലെ സത്യൻ മാഷിന്‍റെ മാതൃഭാഷയും തമിഴ് ആയിരുന്നു.
പേരിലെ സത്യൻ മാഷിന് പിന്നിൽ സിനിമയിലെത്തുന്നതിന് മുമ്പുള്ള സത്യനേശന്‍റെ ജീവിതവും പങ്കുവഹിച്ചിട്ടുണ്ട്. ഇന്നത്തെ ബിരുദാനന്തര ബിരുദം അഥവാ എംഎക്ക് തുല്യമായ വിദ്വാൻ പരീക്ഷ പാസായ ശേഷം തിരുവനന്തപുരത്ത് സെന്‍റ് ജോസഫ് സ്‌കൂളിൽ അധ്യാപകനായി തുടങ്ങി. പിന്നീട് സെക്രട്ടറിയേറ്റിൽ ഗുമസ്‌തനായും പ്രവർത്തിച്ചു.
എന്നാൽ, ഊർജസ്വലമായ ഒരു കർമമേഖലയാണ് തനിക്കിണങ്ങുന്നതെന്ന് കണ്ടെത്തിയതുകൊണ്ടാകാം ഗുമസ്‌ത ജോലി ഉപേക്ഷിച്ചു. തുടർന്ന്, രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്‌ഠിച്ചു. പട്ടാളജോലിക്കിടെ മണിപ്പൂർ, മലേഷ്യ, ബർമ എന്നിവിടങ്ങളിൽ യുദ്ധം ചെയ്‌തു.
More Read: രാജന് ആ കത്ത് ഒരു നിധിയാണ്.. മഹാനടൻ എഴുതി അയച്ചതും അനശ്വര ഓർമകൾ
യുദ്ധം തീര്‍ന്ന് തിരിച്ചെത്തിയ സത്യൻ തിരുവിതാംകൂര്‍ പൊലീസില്‍ ഇന്‍സ്‌പെക്ടറായി. നാൽപതുകളിലെ കമ്യൂണിസ്റ്റ് സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ചുമതല സത്യനായിരുന്നു. പിന്നീട് വിപ്ലവനേതാവായും കമ്മ്യൂണിസ്റ്റുകാരനായും സത്യൻ തിരശ്ശീലയ്‌ക്ക് സമ്മാനിച്ച വേഷങ്ങൾ അതിനുള്ള പ്രായശ്ചിത്തങ്ങൾ കൂടിയായി വിലയിരുത്താം.
നാടകത്തിലും കലയിലും സാഹിത്യത്തിലുമൊക്കെ അഭിരുചിയുണ്ടായിരുന്നതിനാൽ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ പരിചയത്താൽ കുറച്ച് സിനിമാപ്രവർത്തകരെ കണ്ടുമുട്ടി. എന്നാൽ, അവയൊന്നും സത്യൻ മാഷിനെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തിച്ചിരുന്നില്ല.
പിന്നീട് കൗമുദി ബാലകൃഷ്‌ണന്‍റെ രചനയിൽ പിറന്ന ത്യാഗസീമയിൽ ആദ്യമായി അഭിനയിച്ചു. അഭിനയവും ഉദ്യോഗവും ഒരുമിച്ച് കൊണ്ടുപോകാനാവാത്തതിനാൽ കാക്കി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും ത്യാഗസീമ പുറത്തിറങ്ങിയില്ല.
ആത്മസഖി, തിരമാല, ലോകനീതി, ആശാദീപം, സ്‌നേഹസീമ തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ സജീവമായ സത്യൻ 1954ല്‍ പുറത്തിറങ്ങിയ ദേശീയ അവാർഡ് ചിത്രം നീലക്കുയിലിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് വൈവിധ്യവേഷങ്ങളും ഭാവങ്ങളും ആടിപ്പകർന്ന സ്വാഭാവികാഭിനയത്തിന്‍റെ സ്വർഗ്ഗപ്രതിഭക്ക് മലയാളസിനിമ നൽകിയത് സൂപ്പർതാരത്തിന്‍റെ സിംഹാസനമായിരുന്നു.
തന്‍റെ നാൽപതാം വയസിൽ അഭിനയം തുടങ്ങിവച്ച സത്യൻ മാഷ് അടുത്ത 19 വർഷങ്ങളിൽ 150ഓളം സിനിമകളിൽ അഭിനയിച്ചു. രണ്ട് തമിഴ് ചിത്രങ്ങളും മഹാനടന്‍റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വട്ടം സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം സത്യൻ മാഷിനെ തേടിയെത്തി.
മലയാളത്തിന്‍റെ മികച്ച നടനായി സത്യൻ മാഷിന് ആദരവ് ലഭിച്ച രണ്ട് ചിത്രങ്ങളുടെ പേരിലും കടൽ എന്ന വാക്കുണ്ട്; കടൽപ്പാലം, കരകാണാക്കടൽ. സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡുകൾ ആദ്യമായി ഏർപ്പെടുത്തിയ 1969ൽ മികച്ച നടനുള്ള പ്രഥമ പുരസ്കാരവും അദ്ദേഹത്തിന്‍റെ പേരിലാണ്. കരകാണാക്കടൽ ചിത്രത്തിലൂടെ 1971ൽ കലാകാരന് മികച്ച നടനുള്ള ബഹുമതി മരണാനന്തരം ലഭിച്ചു.
അര നൂറ്റാണ്ടെന്ന കാലപ്പഴക്കത്തിൽ സത്യൻ മാഷിന്‍റെ ഓർമകൾക്ക് മങ്ങലേൽക്കുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിൽ നിറഞ്ഞുനിന്ന അഭിനയപ്രതിഭ ഇന്നും മലയാളിയുടെ മനസ്സിൽ ഒരു നിറക്കൂട്ടായി തെളിഞ്ഞുനിൽക്കുന്നു.
കഥാപാത്രമായി അഭിനയിക്കുകയല്ലാതെ, ഓരോ ജീവിതങ്ങളെയും പകർത്തി വരച്ച് പിൻതലമുറക്കും അയാൾ ഒരു പ്രചോദനമാണ്, അഭിനയം അടുത്തറിയേണ്ടവർക്ക് പഠനശാസ്‌ത്രവും.