ഓർമകൾക്കെന്ത് സുഗന്ധം, എന്നാത്മാവിൻ നഷ്‌ടസുഗന്ധം... വേനലിൽ വേവുന്ന മണ്ണിന്‍റെ ദാഹവും മഞ്ഞിൽ കുളിച്ച പുലരിയും പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവും വിഷുപ്പക്ഷിയും കാമുകിയോട് പ്രണയം പറഞ്ഞു, പ്രകൃതി കവിയുടെ കാൽപനികതയിൽ മലയാള സാഹിത്യത്തിലും സിനിമയിലും കൽപനാദേശങ്ങൾ തീർത്തു. അങ്ങനെ ആരെയും ഭാവ ഗായകനാക്കുന്ന എണ്ണമറ്റാത്ത ഗാനങ്ങൾ മലയാളസിനിമയെ സമൃദ്ധമാക്കി. മാണിക്യ വീണയിൽ പ്രണയവും പ്രകൃതിയും ഹൃദയ വാഗ്മയങ്ങളും ചാലിച്ചെഴുതിയ കവി ഹൃദയം തൂലിക പിടിച്ചപ്പോഴെല്ലാം കേരളം അതിന്‍റെ വശ്യസൗന്ദര്യത്തിൽ നിർവൃതി പൂണ്ടു.മലയാളിക്ക് കവിയും കവിതയുമെന്നാൽ ഒഎൻഎവിയെന്ന മൂന്നക്ഷരമായി. ഇന്ന് അദ്ദേഹത്തിന്‍റെ 90-ാം ജന്മദിനവാർഷികം.
വയലാറും പി. ഭാസ്‌കരനും പരിപോഷിപ്പിച്ച വരികളുടെ മുകുളങ്ങൾ മലയാളചലച്ചിത്രഗാനങ്ങളിൽ വസന്തമൊരുക്കിയത് ഒഎൻവി കുറുപ്പിലൂടെയായിരുന്നു. സംസ്‌കൃത പദങ്ങളിൽ നിന്നും കവിതയെ മോചിപ്പിച്ച് ശുദ്ധ മലയാളത്തെ അദ്ദേഹം കൈപിടിച്ചുനടത്തി. മൗനനൊമ്പരങ്ങളും പ്രണയസുഗന്ധവും ശോകയാത്രയും കഥയിലേക്ക് കടന്നുവരുമ്പോൾ പ്രകൃതിയുടെ ഭാവങ്ങളെയാണ് ഒഎൻവി നോക്കി നിന്നത്. മനുഷ്യന്‍റെ വേദനയ്ക്കും സന്തോഷത്തിനുമൊപ്പം തനിക്ക് ചുറ്റുമുള്ളവയും എങ്ങനെ വികാരാതീതമാകുന്നുവെന്ന് അദ്ദേഹം വർണിച്ചു.
അമ്മപ്പൈങ്കിളി തന്‍റെ അഞ്ച് മക്കളിൽ നിന്നും വിട ചൊല്ലുകയാണ്. അവരോരോന്നും സുരക്ഷിതമായ കൈകളിലാണെങ്കിലും ഒരിക്കൽ കൂടി അവർ ഒന്നിക്കുമോ എന്ന് വിങ്ങലോടെ മലയാളി ചോദിച്ചത് രാപ്പാടിക്കും രാപ്പൂവിനുമൊപ്പം കവി ഹൃദയവും വേദനിച്ചപ്പോഴാണ്.
കതിരോല തുമ്പത്ത് പൂത്തുമ്പി പൊന്നൂഞ്ഞാൽ ആടുമ്പോൾ ഹരിതാഭമായ പഴയകാലത്തേക്ക് കേരളം തിരിഞ്ഞുനോക്കി, ഒരു വട്ടം കൂടി ഓർമകൾ മേയുന്ന കലാലയമുറ്റത്തേക്കെത്തുവാൻ മോഹിച്ചു, മലയാളി അവന്‍റെ യവനതുല്യമായ വസന്തകാലം സ്വപ്നങ്ങളിലും സ്മൃതിയിലും തിരിച്ചുപിടിക്കുകയാണ് ഒഎൻവിയിലൂടെ. അത്ര അർത്ഥ സമ്പുഷ്ടമായ വരികളായിരുന്നു കവിതയിലും ചലച്ചിത്രഗാനങ്ങളിലും നിറഞ്ഞുനിന്നിരുന്നത്.
ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒഎൻവി കുറുപ്പ് കൊല്ലം ജില്ലയിലെ ചവറയിലാണ് ജനിച്ചുവളർന്നത്. ജീവിതം പലപ്പോഴൊക്കെ വേദനിപ്പിച്ചപ്പോൾ കവിതയും ഭക്തിയുമായിരുന്നു തനിക്ക് മോക്ഷം നൽകിയതെന്ന് ഒഎൻവി പറഞ്ഞിട്ടുണ്ട്. എന്നാൽ, ബിംബങ്ങളോടും അനുഷ്‌ഠാനങ്ങളോടുമുള്ള ഭക്തിയല്ലായിരുന്നു അദ്ദേഹത്തിന്. ഗ്രാമഭംഗിയും നന്മയും നിറഞ്ഞൊഴുകുന്ന പ്രകൃതിയിലാണ് കവിഹൃദയം ഭക്തി കണ്ടെത്തിയത്. എന്നിട്ടും, ഇനിയും മരിക്കാത്ത ഭൂമിക്ക് ചരമഗീതം എഴുതിയ കവിയുടെ വേവലാതികൾ കാലങ്ങൾ കടന്നിട്ടും മനുഷ്യന് അവന്‍റെ ചെയ്‌തികളുടെ താക്കീതാകുന്നുണ്ട്.
"പൂവുകളായിരം കീറിമുറിച്ചു ഞാന്‍
പൂവിന്‍റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍," വേദനിക്കിലും വേദനിപ്പിക്കിലും സ്നേഹബന്ധങ്ങളൂഴിയില്‍ വേണമെന്ന് ഓർമിപ്പിച്ച ഓരോ വരികളും പദസമ്പുഷ്‌ടിയിൽ മാത്രം വിശിഷ്‌ടമായവയല്ല, അർഥ പൂർണതയിലും ലാളിത്യത്തിലും സർഗാത്മതകതയിലും ഒഎൻവി എഴുതിക്കൊണ്ടേയിരുന്നപ്പോൾ അവ കാലത്തിനും മനുഷ്യനും ഓർമപ്പെടുത്തലും കുമ്പസാരവും സാന്ത്വനവുമൊക്കെയായി.
കവിത പോലെ സ്വച്ഛന്ദമായ ഭാവാവിഷ്കാരമല്ല ചലച്ചിത്രഗാനങ്ങൾക്ക്. അത് കഥയ്ക്കനുരിച്ച് സന്ദർഭോചിതമായി എഴുതേണ്ടതാണ്. എങ്കിലും, ഒഎൻവി സിനിമകൾക്ക് നൽകിയ സൃഷ്‌ടികൾ ആർദ്രമായ ഒരു കവിതപോലെ സംഗീതം നിറച്ച് ആസ്വാദകനുള്ളിലേക്ക് ആഴത്തിൽ അലിഞ്ഞിറങ്ങുന്നു.
ഗൃഹാതുരത്വമായിരുന്നു കവിയുടെ വരികളിലെ ആരോഗ്യം, ഓർമകളില്ലാത്തതാണ് ഏറ്റവും വലിയ ആതുരത്വമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വെറും ശിലയെ ശിൽപി കലയാക്കി മാറ്റുന്ന പോലെയായിരുന്നു ഒഎൻവി പ്രകൃതിയുടെയും മനുഷ്യന്‍റെയും അവ്യക്തമായ ഭാവങ്ങൾ പോലും തിരിച്ചറിഞ്ഞ് രചനകളൊരുക്കിയത്.
"അനുരാഗമാനന്ദ സൗഗന്ധികം, എങ്ങു നിന്നെങ്ങു നിന്നീ സുഗന്ധം" കവിതയ്ക്ക് ഭാവങ്ങൾ മാത്രമല്ല, സുഗന്ധവും നിറവുമുണ്ടെന്ന് ആറ് ദശകങ്ങൾ നീണ്ട സാഹിത്യസപര്യയിലെ ഓരോ അംശത്തിലും വെളിപ്പെടുന്നുണ്ട്. ഒരു കുടന്ന നിലാവിനോട് രാത്രികളുടെ ശോഭയെയും നിഴലുമായിണ ചേർന്ന് നൃത്തം ചെയ്ത പകലുകളെയും തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളുടെ നിറത്തെയും വിശേഷിപ്പിക്കാൻ കാവ്യഭാവന തേടിയ ബിംബങ്ങൾ ഒരു ക്യാന്‍വാസിൽ വരച്ച ചിത്രകലപോലെ ആസ്വാദകനിലേക്ക് നിറയുന്നു.
ഉജ്ജയിനി, പൊരുതുന്ന സൗന്ദര്യം, സമരത്തിന്‍റെ സന്തതികൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉപ്പ്, ഭൈരവന്‍റെ തുടി, തോന്ന്യാക്ഷരങ്ങൾ, സ്വയംവരം, മരുഭൂമി, നാലുമണിപ്പൂക്കൾ, സൂര്യന്‍റെ മരണം തുടങ്ങിയവയാണ് ഒഎൻവിയുടെ പ്രശസ്‌ത കവിത സമാഹാരങ്ങൾ. തന്‍റെ ഓർമക്കുറിപ്പുകളാണെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും 'പോക്കുവെയിൽ മണ്ണിലെഴുതിയത്' അദ്ദേഹത്തിന്‍റെ ആത്മകഥയിലേക്ക് ചേർക്കാം. ഒഎൻവിയുടെ ബാല്യവും പഠനകാലവും ഔദ്യോഗിക ജീവിതവും കവിതയുടെയും സിനിമാഗാനങ്ങളുടെയും ഏടുകളും ആത്മകഥാംശമുള്ള ഈ കൃതിയിൽ കാണാം.
സാഹിത്യസംഭാവനകൾക്ക് പുറമെ, നാടക ഗാനരചനയിലൂടെ സാംസ്കാരിക മേഖലയിലും ചലച്ചിത്രരംഗത്തും ശോഭിച്ചു. ഇന്ദുപുഷ്പം ചൂടിനിൽക്കുന്ന രാത്രിയിലെ പ്രണയാതുരസ്‌പർശത്തിനും ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ എന്ന വിഖ്യാതവരികൾക്കും ദേശീയ അവാർഡ് ഒഎൻവിയെ തേടിയെത്തി. 13 തവണയാണ് കേരള സർക്കാരിന്‍റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ പേരെഴുതപ്പെട്ടത്.
സമുന്നതമായ ജ്ഞാനപീഠം അവാര്‍ഡും ദേശീയ ബഹുമതികളായ പത്മശ്രീയും പത്മവിഭൂഷണും, കവിയുടെ യാഥാർഥ്യത്തിലൂന്നിയ കാൽപനികതക്കുള്ള അംഗീകാരങ്ങളായിരുന്നു. എഴുത്തച്ഛൻ പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം തുടങ്ങിയ നേട്ടങ്ങളും വേറെ. "ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞുപോകുമ്പോൾ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്‍റെ കവിത," ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് ഒ.എൻ.വി പറഞ്ഞു.
സാഹിത്യശാഖയിലാവട്ടെ, കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും കേരള സാഹിത്യ അക്കാദമി അംഗമായും കേരള കലാമണ്ഡലം ചെയര്‍മാനായുമെല്ലാം അദ്ദേഹം സാംസ്‌കാരിക സംഭാവനകൾ നൽകി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 85-ാം വയസിലാണ് ഒഎൻവി കുറുപ്പ് അന്തരിച്ചത്.
കവിയുടെ വരികൾ മലയാള സാഹിത്യത്തിന്‍റെ ഗതിവിഗതികളിൽ നിർണായകമായപ്പോൾ, സിനിമാശാഖയിലത് മധുരിക്കുന്ന ഓർമകളും സുഗന്ധമുള്ള സ്നേഹവുമെല്ലാമായിരുന്നു. സിനിമയ്ക്ക് കാവ്യഭാഷ ഒരുക്കിയ കവിയില്ലാതെ മലയാളം അഞ്ച് വർഷങ്ങൾ നടന്നുനീങ്ങി. നവതി നിറവിൽ ആസ്വാദകലോകം ഇന്ന് അദ്ദേഹത്തിന്‍റെ ഓർമകളിലേക്ക് പിൻവലിയുകയാണ്. അവിടെ കവിയുടെ ചൈതന്യത്തിന്‍റെ നിർവൃതിയിൽ മലയാളം വീണ്ടും കാതോർക്കും. നന്ദി... നന്ദി ... യാത്ര തുടരുന്നു... ശുഭയാത്ര നേര്‍ന്നുവരൂ...