മലയാളികൾ ലൂസിഫറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് പോലെ പി എം നരേന്ദ്ര മോദി എന്ന ചിത്രത്തെയും സ്വീകരിക്കുമെന്ന് കരുതുന്നതായി നടൻ വിവേക് ഒബ്റോയ്. ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിനും പ്രചാരണത്തിനുമായി അബുദാബിയില്‍ എത്തിയതായിരുന്നു ഒബ്റോയ്.
''കഥാപാത്രമാകാൻ ആറുമാസത്തോളം മോദിയുടെ ജീവിതരീതി, പെരുമാറ്റം, ഭക്ഷണരീതികള്‍ എന്നിവയെല്ലാം നിരീക്ഷിച്ചു. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാൻ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയിൽ ചിത്രത്തെ സമീപിക്കണം. കേരളീയർക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവർ'', വിവേക് ഒബ്റോയ് പറഞ്ഞു.
2002 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'കമ്പനി'യിലും 'ലൂസിഫറിലും ഒന്നിച്ച് അഭിനയിച്ചതോടെ തനിക്ക് മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളതെന്നും വിവേക് ഒബ്റോയ് പറഞ്ഞു. ''ലാലിന് ഒപ്പം അഭിനയിക്കാൻ ലഭിച്ച എല്ലാ അവസരങ്ങളും ആഹ്ളാദകരമായിരുന്നു. മലയാള സംഭാഷണം ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ ലാലിന്റെ ഭാഗത്ത് നിന്ന് വലിയ സഹായം ലഭിച്ചിരുന്നു'', വിവേക് പറയുന്നു. മലയാളത്തില്‍ അഭിനയിക്കാൻ ഇനിയും താല്‍പര്യം പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് നല്ല അവസരങ്ങൾ ലഭിച്ചാല്‍ ഇനിയും മലയാളത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു വിവേകിന്‍റെ മറുപടി.