വേഷ പകർച്ച കൊണ്ട് പ്രേക്ഷകരെ നിരവധി തവണ ഞെട്ടിച്ച താരമാണ് വിക്രം. താരത്തിന്‍റെ മുൻ ചിത്രങ്ങളായ അന്യനിലും ഐയിലുമെല്ലാം ആ വേഷപകർച്ചകൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടാൻ പോകുന്നത്.
നയൻതാര നായികയായെത്തിയ ഇമൈക്ക നൊടികൾ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്. താരത്തിന്‍റെ 58ാമത് ചിത്രമാണിത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍ നായിക.
സെവൻ സ്ക്രീൻ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാനാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ് ഒരു നടൻ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ കമൽഹാസന്‍റെ പത്ത് വേഷങ്ങളും, നവരാത്രി എന്ന ചിത്രത്തിൽ 9 വേഷങ്ങളിൽ ശിവജിയും വേഷമിട്ടിരുന്നു.