അർജുൻ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയ തെലുങ്ക് യുവതാരം വിജയ് ദേവരക്കോണ്ടയുടെ നായികയാവാൻ മലയാളി താരം മാളവിക മോഹനൻ. ആനന്ദ് അണ്ണാമലൈ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ചിത്രത്തിന് ഹീറോ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിജയ് ദേവരക്കോണ്ട ഒരു പ്രൊഫഷണൽ ബൈക്കറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. പട്ടം പോലെ, നിർണായകം, ദി ഗ്രേറ്റ് ഫാദർ എന്നീ മലയാളം ചിത്രങ്ങളിലെ നായികയായിരുന്നു മാളവിക മോഹനൻ. മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ഹിന്ദി ചിത്രത്തിലും മാളവികയായിരുന്നു നായിക. രജനീകാന്ത് ചിത്രം പേട്ടയിലാണ് താരം അവസാനം അഭിനയിച്ചത്.
ഏറെ നിരൂപകപ്രശംസ നേടിയ കാക്ക മുട്ടൈ എന്ന തമിഴ് ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കിയ ആനന്ദ് അണ്ണാമലൈ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദിൻ്റെ ആദ്യ സംവിധാന സംരംഭമാണിത്. മൈത്രീ മൂവീ മേക്കേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ഒരുങ്ങുന്നത്.