വിജയ്-ആറ്റ്ലി ചിത്രം 'ദളപതി 63' കോപ്പിയടി വിവാദത്തിൽ. ചിത്രത്തിൻ്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി നവാഗത സംവിധായകന്‍ ശിവയാണ് രംഗത്തെത്തിയിരിക്കുന്നത്. തൻ്റെ ഒരു ഷോര്‍ട്ട് ഫിലിമിൻ്റെ കഥയാണ് ഇതെന്ന് ആരോപിച്ചാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ ശിവ ആറ്റ്ലിയ്ക്കെതിരെ പരാതി നല്‍കിയത്. മുമ്പ് ആറ്റ്ലിയുടെ മെർസൽ എന്ന ചിത്രവും സമാനമായ വിവാദത്തിൽ പെട്ടിരുന്നു.
വനിതാ ഫുട്ബോളുമായി ബന്ധപ്പെട്ട തൻ്റെ ഷോര്‍ട്ട് ഫിലിം സിനിമയാക്കാനായി നിരവധി പ്രൊഡക്ഷന്‍ കമ്പനികളെ താന്‍ സമീപിച്ചിരുന്നെന്നും അവരാരെങ്കിലുമാകും ആറ്റ്ലിയ്ക്ക് കഥയുടെ ഐഡിയ നല്‍കിയതെന്നുമാണ് ശിവയുടെ ആരോപണം. എന്നാൽ സാങ്കേതികപരമായ ചില കാര്യങ്ങളാല്‍ ശിവയുടെ പരാതിയിൽ അന്വേഷണം നടത്താനാവില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. യൂണിയനില്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പര്‍ഷിപ്പ് ആ അധികാരപരിധിയില്‍ വരുന്നില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഇതേത്തുടർന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ. 'ദളപതി 63' എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിൽ വനിതാ ഫുട്ബോള്‍ ടീമിൻ്റെ കോച്ചായാണ് വിജയ് എത്തുന്നത്. താരത്തിൻ്റെ 63ാമത്തെ ചിത്രമാണിത്.