സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന് കൂളിങ് ഗ്ലാസ് ചോദിച്ചാല്‍ ഉണ്ണി മുകുന്ദന്‍ തരുമായിരിക്കും. എന്നാല്‍ അതേ ചോദ്യം ഒരു ആരാധകൻ ടൊവിനോ തോമസിനോട് ചോദിച്ചപ്പോൾ, താരം നല്‍കിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുന്നത്.
കൂളിങ് ഗ്ലാസ് വച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ടൊവിനോയോടായിരുന്നു 'ഇങ്ങള് ആ കണ്ണട തരുമോ' എന്ന് റഷിദ് മുഹമ്മദ് എന്ന ആരാധകന്‍റെ ചോദ്യം. അധികം വൈകാതെ മറുപടിയുമെത്തി. 'ശൂ, ശൂ, ആള് മാറി, അതിവിടെയല്ല' എന്നായിരുന്നു ടൊവിനോയുടെ മറുപടി. താരത്തിന്‍റെ മറുപടിക്ക് രസകരമായ കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. 'എന്നാലും കൊടുക്കാമായിരുന്നു. വെറുതെ ഒന്നുമല്ലല്ലോ, നല്ലോണം ഇരന്നിട്ടല്ലേ', 'പണ്ട് എയര്‍പോര്‍ട്ടില്‍ വച്ചൊരു ചേച്ചി 'ഉണ്ണിമുകുന്ദാ' എന്നും വിളിച്ച് വന്നതല്ലേ, എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ' എന്നിങ്ങനെ നീളുന്നു തമാശ കലർന്ന കമന്‍റുകൾ.
രണ്ടാഴ്ച മുമ്പ് ഉണ്ണി മുകുന്ദന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കൂളിങ്ങ് ഗ്ലാസ് വച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കണ്ണട ഒരുപാട് ഇഷ്ടമായ ഒരു ആരാധകന്‍ 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്' എന്ന് ചോദിക്കുകയും ചെയ്തു. തുടർന്ന് ആരാധകന്‍റെ മേല്‍വിലാസം അന്വേഷിച്ച് കണ്ട് പിടിച്ച് ആ കണ്ണട ഉണ്ണി മുകുന്ദൻ വീട്ടിലെത്തിച്ച് നല്‍കിയിരുന്നു.