നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുറമുഖം'. കമ്മട്ടിപ്പാടത്തിന് (2016) ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രം ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 24ന് തിയേറ്ററിലെത്തും.
'തുറമുഖം' റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ റിലീസിന് അനുമതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിനായി തനിക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെന്ന് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു. എന്നാല്‍ സിനിമയോടുള്ള ഇഷ്‌ടം കൊണ്ട് പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് തുറമുഖം. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് ചിത്ര പശ്ചാത്തലം. ഒരു കൂട്ടം തൊഴിലാളികള്‍ക്ക് നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, മണികണ്‌ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. കെ.എം ചിദംബരത്തിന്‍റെ 'തുറമുഖം' എന്ന നാടകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഗോപന്‍ ചിദംബരമാണ്. ബി.അജിത്‌കുമാര്‍ എഡിറ്റിങും ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനിങും നിര്‍വ്വഹിക്കും.
നേരത്തെ മെയ് 13നാണ് 'തുറമുഖം' റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്‌ക്കുകയായിരുന്നു.
Also Read:മോഹന്‍ലാലിന് പകരം വെങ്കടേഷ്; ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്