സിനിമാതാരങ്ങളുടെ മേൽ ഗുരുതരമായ ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ജയസൂര്യയുടെ ഷൂട്ടിങ് സെറ്റിലെ എളിമ പരിചയപ്പെടുത്തി തൃശൂർ പൂരം സിനിമയുടെ സഹസംവിധായകൻ റിബൽ വിജയ്. മമ്മൂക്കയുടെ കടുത്ത ആരാധകനായ തനിക്ക് ജയസൂര്യ എന്ന അഭിനേതാവ് പ്രചോദനമാകാൻ കാരണം അദ്ദേഹത്തിന്‍റെ ആത്മസമർപ്പണവും അധ്വാനവുമാണെന്ന് വിജയ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കുന്നു.
"ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ. ഫസ്റ്റ് ഷോട്ട് രാവിലെ അഞ്ച് മണിക്കാണെങ്കിൽ 4.55ന് വിത്ത് കോസ്റ്റ്യും മേക്ക് അപ്പ്, ആള് റെഡി. സർ അല്പം ഡിലേ ആകുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ടു ഏതെങ്കിലും കോണിൽ ഇരിക്കും. ഡയറക്‌ടർ ഓക്കേ പറഞ്ഞാലും സർ ഒന്ന് കൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ചു ഫൈറ്റ് ചെയ്ത് ഒടുവിൽ ഇഞ്ച്വറി. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീൻ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെ ഒക്കെ ആണ് ഈ മനുഷ്യൻ," റിബൽ വിജയ് കുറിച്ചു. ഷൂട്ടിങ്ങിനിടയിൽ സഹപ്രവർത്തകരുടെ തോളിൽ കയ്യിട്ട് ക്യാമറയിലേക്ക് നോക്കുന്ന താരത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള സഹസംവിധായകന്‍റെ കുറിപ്പിൽ ജയസൂര്യ എന്ന പേര് ഒരിടത്തും പരാമർശിച്ചിട്ടില്ല, പകരം ഈ മനുഷ്യൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കോളനിയിലെ ഷൂട്ടിനിടയിൽ മഴ പെയ്തപ്പോൾ ഒരു ചെറിയ കുടിലിൽ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് കാരവനിലേയ്ക്കു പോകാൻ നിർദേശിച്ച സംവിധായകനോട്, "രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുമ്പ് എന്‍റെ വീട് ഇതിലും ചെറുതായിരുന്നു" എന്നാണ് താരം മറുപടി നൽകിയത്.
മുമ്പ് പുണ്യാളനിൽ തൃശൂർ ഗഡ്ഡിയായെത്തിയതുപോലെ തൃശൂർ പൂരത്തിലെ പുള്ളു ഗിരിയിലും ആരാധകർക്ക് ഏറെ പ്രതീക്ഷയാണുള്ളത്. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ചിത്രം ഡിസംബർ 20ന് തിയേറ്ററിലെത്തും.