പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ രാജ്യം. ആരാധകര്‍ക്കിടയില്‍ അപ്പു, പവര്‍സ്‌റ്റാര്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പുനീത് രാജ്‌കുമാര്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 46 വയസ്സുള്ള താരത്തിന്‍റെ ഈ വിയോഗം കുടുംബത്തെയും, ആരാധകരെയും, സുഹൃത്തുക്കളെയും ഒന്നടങ്കം കണ്ണീഴിലാഴ്‌ത്തിയിരിക്കുകയാണ്.
സിനിമാ-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് താരത്തിന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിനും താരത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.
'പ്രമുഖ കന്നട താരം രാജ്‌കുമാറിന്‍റെ മകന്‍ കൂടിയായ പുനീത് രാജ്‌കുമാറിന്‍റെ പെട്ടന്നുള്ള മരണം അങ്ങേയറ്റം വേദന ഉളവാക്കുകയും, ആഴത്തില്‍ ആഘാതമുണ്ടാക്കുകയും ചെയ്‌തു. വര്‍ഷങ്ങളായി തങ്ങളുടെ കുടുംബവുമായി നല്ല ആത്മബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതെനിക്ക് വ്യക്തിപരമായ നഷ്‌ടമാണ്. പുനീതിന്‍റെ മരണം കന്നട സിനിമാ മേഖലയ്ക്ക് നികത്താനാവാത്ത നഷ്‌ടമാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബത്തിനും കര്‍ണാടക ജനതയ്ക്കും എന്‍റെ ഹൃദയത്തില്‍ തൊട്ട ആദരാഞ്ജലികള്‍ അറിയിക്കുന്നു.' -എം.കെ.സ്‌റ്റാലിന്‍ പറഞ്ഞു.