49മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും തിളങ്ങിയ ചിത്രമാണ് 'സുഡാനി ഫ്രം നൈജീരിയ'. മികച്ച നടനടക്കം അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.ചില പുരസകാരങ്ങള്‍ക്ക് ഭംഗിയേറുന്നത് മറ്റു ചില രീതിയിലൂടെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സുഡാനിക്കാര്‍. തങ്ങള്‍ അഭിമാനപൂര്‍വ്വം ഏറ്റുവാങ്ങിയ അഞ്ച് പുരസ്‌കാര തുകയും ഒരാള്‍ക്ക് സഹായമായി നല്‍കിയെന്ന കാര്യമാണ് സംവിധായകന്‍ ആഷിക് അബു പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്തൃശൂര്‍ നടന്ന ഒരു വാഹനാപകടത്തില്‍ രണ്ട് കാലും നഷ്ടപ്പെട്ട ഹരീഷ് എന്ന യുവാവിനാണ് സഹായവുമായി സൗബിനും മറ്റ് താരങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരം ചിത്രത്തിലൂടെ സൗബിൻ ഷാഹിർ സ്വന്തമാക്കി. മികച്ചനവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് ചിത്രത്തിൻ്റെസംവിധായകനായ സക്കറിയ മുഹമ്മദിനാണ്. സുഡാനിയിലെ മജീദിൻ്റെഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വെച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കറിയക്കും മുഹ്‌സിന്‍ പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചു.
ഫോട്ടോഗ്രാഫറായ കെ ആർ സുനിലിൻ്റെഫേസ്ബുക്ക് പോസ്റ്റ്:
വലിയൊരു ഫുഡ്ബോൾ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരൻ, ലോറി ഡൈവറായ അവൻ്റെയച്ഛൻ യാത്രകഴിഞ്ഞ് തമിഴ്നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ അവൻ്റെയുള്ളിലും കേരളം കാണണമെന്ന ആഗ്രഹമുണ്ടായി. ഒരു വെക്കേഷൻ നാളിലെ കേരളയാത്രയിൽ മകനേയും ഒപ്പംചേർത്തു. സ്കൂൾ ഫുട്ബോൾ ടീമിൽ ചേരുന്നതിനുള്ള പരിശീലനത്തിനാവശ്യമായ ബോൾ, ബൂട്ട്, ജഴ്സി തുടങ്ങിയവ കേരളത്തിൽനിന്നു വാങ്ങണമെന്ന ആഗ്രഹവും അവനുണ്ടായിരുന്നു. എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള അവരുടെ യാത്രക്കിടെ പാലക്കാടിനടുത്തുള്ള കുതിരാനിൽ വെച്ച് ലോറിമറിഞ്ഞു. പിതാവ് രക്ഷപ്പെട്ടെങ്കിലും മകൻ്റെരണ്ടുകാലുകളും നഷ്ടമായി. തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ. അവനെ കാണാനായി സ്കൂൾ കുട്ടികൾ മുതൽ ജനപ്രതിനിധികൾ വരെ ആശുപത്രിയിലെത്തി. ഈ നാട്ടുകാരവനെ സ്നേഹിക്കുന്നതിൻ്റെവാർത്തകൾ അന്നത്തെ പത്രങ്ങളിൽ നിറഞ്ഞു. അങ്ങനെ കടന്നുപോയ മൂന്നുമാസങ്ങൾക്കു ശേഷം അവൻ തിരികെപോയി.
വർഷങ്ങളേറേയായി.
അവനിപ്പോൾ എവിടെയായിരിക്കുമെന്നുള്ള ചിന്തയിൽ നിന്നാണ് അന്വേഷണമാരംഭിച്ചത്. തൃശൂരിലെ ആശുപത്രിയിലും ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും പത്രമാഫീസുകളിലും ഡ്രൈവർമാരോടും പലവട്ടം തിരക്കി. നിർഭാഗ്യവശാൽ എല്ലാവരും അവൻ്റെപേരും സ്ഥലവും അഡ്മിറ്റുചെയ്ത തിയ്യതിയും മറന്നുപോയിരുന്നു!
അങ്ങനെ നാളുകളേറേ നീണ്ടു. അവസാനം ഇൻ്റർനെറ്റിലെ തിരച്ചിലുകൾക്കൊടുവിൽ മധുരയിലെ അവൻ പഠിച്ച സ്കൂളിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. അവരിൽനിന്ന് ഹരീഷ് എന്നാണ് അവൻ്റെപേരെന്നും മറ്റുമറിഞ്ഞത്.
അടുത്ത ദിവസംതന്നെ മധുരയിലെ തികച്ചും സാധാരണക്കാർ താമസിക്കുന്ന ഗ്രാമത്തിലുള്ള അവൻ്റെവീട്ടിലേക്കെത്തി. ഒട്ടുംതന്നെ സന്തോഷകരമല്ലായിരുന്നു അവിടത്തെ അവസ്ഥകൾ. അമ്മ മറ്റൊരു ജീവിതം തേടിപ്പായിരുന്നു. വല്ലപ്പോഴും മാത്രംവരുന്ന പിതാവ്. ചെറിയച്ഛൻ്റെതണലിൽ താമസം. എങ്കിലും പഠനംതുടരുന്നു. കാലുകൾ വെക്കണമെന്ന് ആഗ്രഹമുണ്ടവന്. എന്നിട്ട് ഒരിക്കൽക്കൂടി കേരളത്തിലേക്ക് വരണമെന്നും പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരനായ ഐഎം.വിജയനെ കാണണമെന്നും!
ഹരീഷിനെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതിയ ലേഖനവും തുടർന്നുവന്ന 'ഇൻ ഹിസ് പർസ്യൂട്ട്' എന്ന ഡോക്യൂമെൻ്ററിയും ഈ സംഭവങ്ങൾ ആളുകളിലേക്കെത്താൻ കാരണമായി. ആധുനികരീതിയിൽ അവനുചേർന്ന കൃത്രിമക്കാലുകൾക്കു വേണ്ടിവരുന്ന പതിനെട്ടുലക്ഷം രൂപയോളം പലരും തരാമെന്നേറ്റു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രളയം പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. എങ്കിലും തിരുവനന്തപുരത്തുനിന്നുള്ള ഒരു സ്ത്രീ അവരുടെ മകളുടെ കല്യാണച്ചിലവുകളിൽ നിന്നും മൂന്ന് ലക്ഷം രൂപ അവന് അയച്ചുകൊടുത്തു!
പത്തേമാരിയിലെ തൊഴിലാളികളെക്കുറിച്ചുള്ള എൻ്റെചിത്രപ്രദർശനം
മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറിൽ നടക്കുന്നുണ്ട്. അതറിഞ്ഞ് മധുരയിൽനിന്ന് അവൻ്റെവിളി വന്നു; പ്രദർശനം ഇവിടെവന്നുകാണണമെന്ന് !
അതിന് ഞാൻ എതിരുപറഞ്ഞു. ഇത്രദൂരമെത്തിപ്പെടാനും ഗ്യാലറിയുടെ ഒന്നാം നിലയിലേക്ക് കയറാനുമുള്ള ബുദ്ധിമുട്ടായിരുന്നു അങ്ങനെ പറയിച്ചത്. പക്ഷേ, സുഹൃത്തിനൊപ്പം ഒരുപാടുദൂരം സഞ്ചരിച്ച് ഇന്നലെ അവനെത്തി.
ഹരീഷ് വന്നെന്നറിഞ്ഞപ്പോൾ, പലപ്പോഴും അവനെക്കുറിച്ച് തിരക്കാറുള്ള സിനിമാപ്രവർത്തകരും സുഹൃത്തുക്കളുമായ ആഷിക് അബു, ഷൈജു ഖാലിദ്, കെഎം.കമൽ തുടങ്ങിയവരും എത്തിച്ചേർന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിൻ അടക്കമുള്ള അഞ്ചുപേർക്ക് ലഭിച്ച അവാർഡ് തുകഹരീഷിനു നൽകാൻ തീരുമാനിച്ചതായി നിർമ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">