സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയ മികവിന് സൗബിനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ചോലയിലെ അഭിനയത്തിന് നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്താക്കിയത്.
തനിക്ക് കിട്ടിയ പുരസ്‌കാരം വി.പി.സത്യന്റെ കുടുംബത്തിനും സമൂഹത്തിലെ മേരിക്കുട്ടിമാര്‍ക്കും സമര്‍പ്പിക്കുന്നതായി ജയസൂര്യ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി.പി.സത്യന്റെ ജീവിത കഥയായിരുന്നു ‘ക്യാപ്റ്റന്‍’. ട്രാന്‍സ് വുമണായ മേരിക്കുട്ടിയെയായിരുന്നു ജയസൂര്യ ‘ഞാന്‍ മേരിക്കുട്ടി’യില്‍ അവതരിപ്പിച്ചത്.
വി.പി.സത്യനെ പുതു തലമുറക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും സമൂഹം ഏറ്റവും മോശമായി കാണുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ കുറിച്ച് പോസിറ്റീവായ ചിത്രം നല്‍കാന്‍ ഞാന്‍ മേരിക്കുട്ടിയിലൂടെ സാധിച്ചെന്നും ജയസൂര്യ വ്യക്തമാക്കി.
പലവട്ടം കൈയ്യകലത്ത് എത്തിയിട്ടും നഷ്ടപ്പെട്ടു പോയ അവാര്‍ഡാണ് ഇത്തവണ ജയസൂര്യക്ക് ലഭിച്ചത്. എന്നാല്‍ കൃത്യമായ സമയത്ത് തന്നെയാണ് തന്നെ തേടി അവാര്‍ഡ് എത്തിയതെന്ന് ജയസൂര്യ പറയുന്നു.