ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾ പലപ്പോഴും പൊതുവിജ്ഞാനം കുറഞ്ഞതിന്‍റെ പേരിൽ ട്രോൾ ചെയ്യപ്പെടാറുണ്ട്. ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ട്രോൾ ചെയ്യപ്പെട്ട താരങ്ങളുടെ കൂട്ടത്തിലേക്ക് ബോളിവുഡ് താരം സൊനാക്ഷി സിൻഹയും. അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം.
വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത കെബിസിയുടെ പ്രത്യേക എപ്പിസോഡിൽ, രാജസ്ഥാനിൽ നിന്നുള്ള എൻജിഒ ജീവനക്കാരിയായ റൂമ ദേവിയെന്ന മത്സരാർഥിയെ പിന്തുണയ്ക്കാൻ സൊനാക്ഷി എത്തിയിരുന്നു. പരിപാടിക്കിടെ ഇരുവരും രാമായണവുമായി ബന്ധപ്പെട്ട ചോദ്യം അഭിമുഖീകരിച്ചു, ഇതിഹാസമനുസരിച്ച് “ഹനുമാൻ ആർക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്?” ഇതായിരുന്നു ബച്ചന്‍റെ ചോദ്യം. സുഗ്രീവൻ, ലക്ഷ്മണൻ, സീത, രാമൻ എന്നീ നാല് ഓപ്ഷനുകളും നൽകി. ഇരുവരും ആശയക്കുഴപ്പത്തിലാവുകയും ഉത്തരം നൽകാൻ ലൈഫ്‌ലൈൻ തിരഞ്ഞെടുക്കുകയും ചെയ്തു. ലൈഫ്‌ലൈൻ വഴി ഇരുവരും ഉത്തരം പറഞ്ഞെങ്കിലും സൊനാക്ഷിക്ക് പുരാണം അറിയില്ലെന്ന് കളിയാക്കി നിരവധി പേരാണ് താരത്തിന് നേരെ ട്രോളുമായി രംഗത്ത് വന്നത്.
അതേസമയം, നിരവധി പേർ സൊനാക്ഷിയെ പിന്തുണയ്ക്കുന്നുണ്ട്. ഒരാൾക്ക് എല്ലാം അറിഞ്ഞിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് തെറ്റാണെന്നും സൊനാക്ഷി നടിയാണ്, അല്ലാതെ പ്രൊഫസറോ വിക്കിപീഡിയയോ അല്ലെന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു. മുമ്പ് കരൺ ജോഹർ അവതാരകനായ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ ആലിയ ഭട്ട് അതിഥിയായെത്തിയപ്പോഴും സമാനമായ സംഭവമുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പേരുകൾ തമ്മിൽ ആലിയയ്ക്ക് ആശയക്കുഴപ്പമായി.