മീ ടൂ ക്യാംപെയിനെ കുറിച്ച് നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. നടനും സുഹൃത്തുമായ അലൻസിയറിനെതിരെ മീ ടൂ ആരോപണം വന്നപ്പോൾ സന്ധി സംഭാഷണത്തിനായി അലൻസിയർ തന്നെ വിളിച്ചിരുന്നുവെന്ന് ശ്യാം പുഷ്കരൻ വെളിപ്പെടുത്തി.
''മീ ടൂ എന്നത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ്. അലൻസിയർ ഞങ്ങളുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ രണ്ട് മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. മീ ടൂ ആരോപണം വന്നപ്പോൾ പ്രശ്നം ഒത്ത് തീർപ്പാക്കാനായി അലൻസിയർ വിളിച്ചിരുന്നു. ആക്രമത്തിന് ഇരയായ പെൺകുട്ടിക്ക് തൃപ്തിയാകുന്നത് വരെ ഒരു സന്ധി സംഭാഷണത്തിനും തയ്യാറല്ല എന്നാണ് അദ്ദേഹത്തിന് ഞാൻ മറുപടി നല്‍കിയത്. സൗഹൃദം തേങ്ങയാണ്. മനുഷ്യത്വമാണ് വലുത്,' ശ്യാം പുഷ്കരൻ പറഞ്ഞു.
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ രണ്ടാം വാർഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരൻ. ബോളിവുഡ് നടി സ്വര ഭാസ്കർ, സംവിധായകൻ പാ രഞ്ജിത്, ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.