തന്‍റെ ചെറുപ്പകാലം തൊട്ടുള്ള സുഹൃത്തായ, ട്വിറ്ററിന്‍റെ പുതിയ സിഇഒ പരാഗ് അഗര്‍വാളുമായുള്ള പഴയ ട്വീറ്റ് ചാറ്റുകള്‍ കുത്തിപ്പൊക്കിയതിനോട് പ്രതികരിച്ച് ഗായിക ശ്രേയ ഘോഷാല്‍. 'നിങ്ങള്‍ എന്‍റെ കുട്ടിക്കാലത്തെ ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയാണോ, 10 വര്‍ഷം മുന്‍പത്തേതാണ്. ഞങ്ങള്‍ അന്ന് കുട്ടികളാണ്. സുഹൃത്തുക്കളായാല്‍ പരസ്പരം ട്വീറ്റ് ചെയ്യില്ലേ' - ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ കുറിച്ചു.
പരാഗുമായി ബന്ധപ്പെട്ടുള്ള ശ്രേയയുടെ പഴയ ട്വീറ്റ് ചാറ്റുകള്‍ ട്വിറ്ററൈറ്റികള്‍ കുത്തിപ്പൊക്കുകയായിരുന്നു. 2010 ല്‍ ശ്രേയയുടെ ട്വീറ്റ് ഇങ്ങനെ.
'ചെറുപ്പത്തിലെ എന്‍റെ മറ്റൊരു കൂട്ടുകാരന്‍, ആഹാരപ്രേമി, സഞ്ചാരപ്രേമി, സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുള്ള സ്കോളര്‍, കഴിഞ്ഞദിവസം അവന്‍റെ ജന്‍മദിനമായിരുന്നു, അവന് ആശംസകള്‍ നേരൂ'
'ശ്രേയ ഭയങ്കര സ്വാധീനശേഷിയുള്ളയാളാണ്, നിരവധി പേരുടെ സന്ദേശങ്ങളെത്തുന്നുണ്ട്' - പരാഗിന്‍റെ മറുപടി ട്വീറ്റ്
ഡിപി മികച്ചതാണെന്നടക്കം പരാഗ് ശ്രേയ ഘോഷാലിനെ ടാഗ് ചെയ്‌ത് കുറിച്ചവയുടെ സ്ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ദീര്‍ഘയാത്രകളില്‍ എപ്പോഴും ശ്രേയയെ ഓര്‍മ വരാറുണ്ടെന്ന് പരാഗിന്‍റെ മറ്റൊരു ട്വീറ്റുമുണ്ട്.
37 കാരനായ പരാഗ് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്‍റെ സിഇഒയായി ചുമതലയേറ്റത്. ഐഐടി ബോംബെയില്‍ നിന്നുള്ള ബിരുദധാരിയാണ് അദ്ദേഹം. ജാക്ക് ഡോര്‍സിക്ക് പിന്നാലെയാണ് ചുമതലയിലെത്തിയത്. 2011 ഒക്ടോബറില്‍ ആഡ്‌സ് എഞ്ചിനീയറായാണ് ട്വിറ്ററിന്‍റെ ഭാഗമായത്. പരാഗിന്‍റെ സ്ഥാനലബ്ധിയില്‍ ശ്രേയ ഘോഷാല്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
പിന്നാലെ പരാഗുമായുള്ള സൗഹൃദവും അവര്‍ വെളിപ്പെടുത്തി. ആറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്കൂളിലാണ് പരാഗ് പഠനം ആരംഭിച്ചത്. അന്ന് ശ്രേയ ഘോഷാല്‍ സഹപാഠിയായിരുന്നു.