സിനിമാ-കായിക താരങ്ങളെ ഉപയോഗിച്ച് ബ്രാൻഡുകളുടെ പരസ്യം നൽകുന്നത് കാലങ്ങളായി വ്യവസായ മേഖലയില്‍ കണ്ട് വരുന്ന രീതിയാണ്. എന്നാൽ സമീപകാലത്ത് ഇത്തരം പരസ്യങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. തങ്ങൾ ഉപയോഗിക്കാത്ത വസ്തുക്കൾക്ക് വേണ്ടി പരസ്യം ചെയ്യാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഈ ശ്രേണിയിലേക്ക് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ പേര് കൂടി എഴുതി ചേർക്കാം ഇനി.
പത്ത് കോടി രൂപയുടെ പരസ്യമാണ് ശിൽപ വേണ്ടെന്ന് വച്ചത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്‍റെ പരസ്യ മോഡലാകാനുള്ള ക്ഷണമായിരുന്നു ശില്‍പക്ക് ലഭിച്ചത്. എന്നാല്‍ ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ലെന്ന് ശിൽപ തുറന്നടിച്ചു. “മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്‌കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും,” ശിൽപ വ്യക്തമാക്കി.
ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് നാല്‍പ്പത്തിനാലുകാരിയായ ശില്‍പ. ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തിനും എളുപ്പവഴികൾ ഒന്നും തന്നെയില്ലെന്ന് വിശ്വസിക്കുന്ന ശില്‍പ യോഗയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാൾ കൂടിയാണ്. സ്വന്തമായി ഒരു ഫിറ്റ്നസ് ആപ്പുമുണ്ട് ശില്‍പ ഷെട്ടിക്ക്.