മലയാള സിനിമ കണ്ട ഏറ്റവും മികച്ച ബാലതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് ബേബി ശാലിനി എന്ന കുറുമ്പുകാരിയാണ്. അനിയത്തിപ്രാവില്‍ നായികയായി അരങ്ങേറ്റം കുറിച്ചതോടെ ബേബി ശാലിനി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലിനിയായി. പിന്നീട് ആരാധകർ സ്നേഹത്തോടെ 'തല' എന്ന് വിളിക്കുന്ന അജിത്തിനെ വിവാഹം ചെയ്തതോടെ അഭിനയത്തോട് വിടപറഞ്ഞെങ്കിലും ശാലിനിയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഇപ്പോഴും കുറവൊന്നുമില്ല.
അജിത്തിനും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പം എവിടെ കണ്ടാലും ആരാധകർ ശാലിനിയോടുള്ള സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോൾ മകൻ ആദ്വിക്കിനൊപ്പമുളള ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ പകർത്തിയതാണ് ചിത്രം. മേക്കപ്പൊന്നുമില്ലാതെ സാധാരണ വേഷത്തില്‍ കയ്യിൽ ഒരു പഴയ മോഡല്‍ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയാണ് ചിത്രങ്ങളില്‍. മകൻ ആദ്വിക്കിനെ ചേർത്തുപിടിച്ചിട്ടുമുണ്ട്. നാല് വയസുളള ആദ്വിക്കിനെ ‘കുട്ടി തല’ എന്ന പേരിലാണ് അജിത് ആരാധകർ വിളിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ യുഗം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലത്തും ശാലിനി ഉപയോഗിക്കുന്ന പഴയ ഫീച്ചർ ഫോൺ ആണെന്നത് ആരാധകർക്ക് അത്ഭുതമാണ്. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം മുമ്പ് വൈറലായിരുന്നു. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2000ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. 2008ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. 2015ല്‍ മകനും ജയിച്ചു.