ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതി വിചാരണ സ്റ്റേ ചെയ്തു. ദിലീപിന്‍റെ ഹർജിയിലാണ് താത്ക്കാലിക സ്റ്റേ. മെമ്മറി കാർഡ് ആവശ്യപ്പെട്ടുളള ദീലീപിന്‍റെ ഹർജി വേനലവധിക്ക് ശേഷം ജൂലൈയിൽ പരിഗണിക്കും. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതനായ ദിലീപ് നല്‍കിയ ഹർജി കോടതി നേരത്തെ പരിഗണിച്ചിരുന്നു. മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു . ഇക്കാര്യത്തില്‍ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് നടപടി.
മെമ്മറി കാർഡ് കേസിന്‍റെ രേഖയാണെന്ന് ചൂണ്ടികാണിച്ചാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് പകർപ്പ് കൈമാറണോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇതിനായുള്ള മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശൃങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാൻവില്‍ക്കർ അധ്യക്ഷനായ ബഞ്ചായിരുന്നു കേസ് പരിഗണിച്ചത്.