തന്‍റെ കേരള വേരിന്‍റെ ഓർമ പുതുക്കാനായി വീണ്ടും സാമന്ത സംസ്ഥാനത്ത്. അഭിനയ ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ആസ്വദിക്കാനാണ് സാമന്ത കേരളത്തിൽ എത്തിയത്. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നടി സന്ദര്‍ശിച്ചു. വെള്ളച്ചാട്ടത്തിന്‍റെ വശ്യസൗന്ദര്യത്തിൽ സ്വയം മറന്നിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്‌തു.
ചുവപ്പ് നിറത്തിലുള്ള ടോപ്പും ഷോർട്ട്‌സും ധരിച്ച് വെള്ളച്ചാട്ടത്തിന്‍റെ മനോഹര പശ്ചാത്തലത്തിൽ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. "ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും. നിങ്ങളതിനെ ആസ്വദിക്കുകയും സഹിക്കുകയും ചെയ്യുക." എന്ന മനോഹര കുറിപ്പും സാമന്ത പങ്കുവച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ സമീപമിരുന്ന് ധ്യാനിക്കുന്ന വീഡിയോ സാമന്ത തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. "നിങ്ങളുടെ അസ്‌തിത്വത്തിന്‍റെ ആന്തരിക സൗന്ദര്യം തിരിച്ചറിയാനുള്ള ഒരു മാർഗമാണ് ധ്യാനം" എന്ന സദ്‌ഗുരുവിന്‍റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്.
Also Read: 'അച്ഛനെ മിസ് ചെയ്യുന്നു' ; വിവാഹ വാര്‍ഷികത്തില്‍ അനുസ്‌മരിച്ച് പ്രിയങ്ക ചോപ്ര
താരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ശാകുന്തളത്തിന്‍റെ ഫസ്റ്റ് ലുക്ക് നാളെ റിലീസാവുന്നതിന് മുന്നോടിയായാണ് അവധിക്കാലം ആസ്വദിക്കാനായി അതിരപ്പിള്ളിയിലെത്തിയത്. ഇതിനുമുൻപ് ജനത ഗ്യാരേജിന്‍റെ ഷൂട്ടിങ്ങിനായി സാമന്ത ഇവിടെ എത്തിയിട്ടുണ്ട്. 2016ൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ജൂനിയർ എൻടിആറിനൊപ്പം വെള്ളച്ചാട്ടം സന്ദർശിച്ച ചിത്രം സാമന്ത പങ്കുവച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
സാമന്ത പാതി മലയാളിയായതുകൊണ്ടുതന്നെ കേരളവുമായി അഭേദ്യ ബന്ധമാണുള്ളത്. ആലപ്പുഴ സ്വദേശി നിനെറ്റ് പ്രഭു ആണ് സാമന്തയുടെ അമ്മ.
ശാകുന്തളത്തിന് പുറമെ വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്ന കാതുവാക്കുല രെണ്ടു കാതൽ എന്ന വിഘ്നേഷ് ചിത്രമാണ് അടുത്തതായി സാമന്തയുടേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. വരലക്ഷ്‌മി ശരത്‌കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ അടുത്ത ഷെഡ്യൂളിൽ സാമന്ത ഉടൻ ചേരും.