കഴിഞ്ഞ വർഷം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച പ്രണയചിത്രങ്ങളിലൊന്നായിരുന്നു 96. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ജാനുവിനെയും റാമിനെയും സിനിമ കണ്ട ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. തിയേറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക വിജയവും നേടിയ സിനിമയുടെ തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണവും ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
തെലുങ്ക് റീമേക്കിൽ തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാമന്ത അക്കിനേനിയാണ്. ചിത്രീകരണം പൂർത്തിയായ വിശേഷം ട്വിറ്ററിലൂടെ സാമന്ത ആരാധകരുമായി പങ്കുവച്ചു. ഇതെനിക്കൊരു സ്പെഷ്യൽ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സാമന്ത പറയുന്നു. ഷർവാനന്ദ് ആണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ പ്രേംകുമാറിന് നന്ദി പറയുന്നതിനോടൊപ്പം ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷവും താരം പങ്കുവച്ചു.
ഹൈദരാബാദ്, വിശാഖപട്ടണം, മാലിദ്വീപ്, കെനിയ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. 96ന് സംഗീതമൊരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിന്‍റെയും സംഗീതമൊരുക്കുന്നത്. 99 എന്ന പേരില്‍ ചിത്രം കന്നഡയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഭാവനയും ഗണേഷുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്.