ബോളിവുഡിന്‍റെ പ്രിയ താരദമ്പതികളായ ദീപിക പദുക്കോണിന്‍റെയും രൺവീർ സിങിന്‍റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. വിവാഹത്തിന് മുമ്പും ഇപ്പോഴും ദീപികയുടേയും രൺവീറിന്‍റെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയാണ്. സഞ്ജയ് ലീല ബൻസാലി ചിത്രം 'രാം ലീല'യുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം ചില ഓർമ്മകൾ പുതുക്കുകയാണ് രൺവീർ സിങ്ങ്. സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ദീപിക എങ്ങോട്ടോ നോക്കിയിരിക്കുമ്പോൾ ദീപികയെ തന്നെ നോക്കിയിരിക്കുന്ന തന്‍റെ ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘ക്യാപ്ഷൻ ആവശ്യമില്ല,’ എന്ന അടിക്കുറിപ്പോടെയാണ് രൺവീർ ചിത്രം പോസ്റ്റ് ചെയ്തത്. താരം ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്‍റുമായി ദീപികയുമെത്തി. “ഏഴ് വർഷങ്ങൾ, ഇപ്പോഴും ഒന്നും മാറിയിട്ടില്ല,” എന്നായിരുന്നു ദീപികയുടെ കമന്‍റ്. ഇരുവരുടെയും പഴയകാല ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ആയുഷ്മാൻ ഖുറാന, പരിനീതി ചോപ്ര, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങി നിരവധി പേർ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.
2018 നവംബർ 14ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് ദീപികയും രൺവീറും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന കബീർ ഖാൻ ചിത്രം '83' അടുത്ത വർഷം പ്രദർശനത്തിനെത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായ് രണ്‍വീര്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.