ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് റാഞ്ചി കോടതി. അമീഷ പട്ടേല്‍ ബിസിനസ് പങ്കാളിക്കൊപ്പം ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് നിർമാതാവായ അജയ് കുമാർ സിംഗ് നല്‍കിയ പരാതിയിലാണ് വാറന്‍റ്.
2017ലാണ് അമീഷ പട്ടേലും അജയ് കുമാർ സിങ്ങും പരിചയപ്പെടുന്നത്. അമീഷ പട്ടേല്‍ നായികയും നിർമാതാവുമായ 'ദേസി മാജിക്' എന്ന സിനിമയുടെ ചിത്രീകരണം സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് പാതി വഴിയില്‍ നിർത്തിവച്ച അവസ്ഥയിലാണ് 2.5 കോടി രൂപ കടം നല്‍കാൻ താൻ തയ്യാറായതെന്ന് അജയ് സിംഗ് പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ട് വർഷം കഴിഞ്ഞിട്ടും തിരികെ നല്‍കേണ്ട പണവുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അജയ് സിങ്ങ് വ്യക്തമാക്കി. കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് ജൂലൈ എട്ടിന് അമീഷ പട്ടേല്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. ഇല്ലാത്തപക്ഷം താരത്തിനെതിരെ വാറന്‍റ് പുറപ്പെടുവിക്കും.