ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്ന് വീണ് നടി രജിഷ വിജയന് പരിക്കേറ്റു. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. രജിഷ നായികയാവുന്ന സ്പോർട്സ് ചിത്രം ‘ഫൈനൽസി’ന്റെ ചിത്രീകരണം കട്ടപ്പന നിര്‍മല്‍ സിറ്റിയിൽ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് രജിഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. നവാഗതനായ പി ആർ അരുൺ ആണ് ഫൈനൽസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ആലിസ് എന്ന സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.