ആദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്‍റെ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. സ്വന്തമായി ഒരു വീട് പോലുമില്ലാതെ, ദുരിതത്തില്‍ ആയിരുന്ന കലൈജ്ഞാനത്തിന്‍റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നറിഞ്ഞതിന് പിറകെയാണ് രജനീകാന്ത് അദ്ദേഹത്തിന് വീട് വാങ്ങി നൽകിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് കലൈഞ്ജാനത്തിന്‍റെ 90-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ രജനി സംബന്ധിച്ചിരുന്നു. ഈ ചടങ്ങില്‍ വച്ചാണ് താരം കലൈഞ്ജാനത്തിന് വീട് നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. 'വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതന്ന് ഈയടുത്താണ് അറിഞ്ഞത്. മന്ത്രി കടമ്പൂര്‍ രാജു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വീട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്‍റെ നന്ദി. പക്ഷേ ഞാന്‍ ഈ അവസരം സര്‍ക്കാരിന് നല്‍കില്ല. കലൈഞ്ജാനത്തിന്‍റെ അവസാന ശ്വാസം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്നത് എന്‍റെ വീട്ടില്‍ നിന്നാകണം. പ്രിയപ്പെട്ട ഭാരതിരാജ സാര്‍, അദ്ദേഹത്തിന് പറ്റുന്ന വീട് അന്വേഷിക്കൂ.. അദ്ദേഹത്തിന്‍റെ ഇനിയുള്ള നാളുകള്‍ എന്‍റെ വീട്ടിലാകണം. ദൈവാനുഗഹം കൊണ്ട് ശിവകുമാര്‍ വഴിയാണ് ഈ വാര്‍ത്ത എന്‍റെ അടുത്ത് എത്തുന്നത്. അദ്ദേഹത്തിന് നന്ദി', അന്ന് വേദിയില്‍ രജനികാന്ത് പറഞ്ഞിരുന്നു.
1975ൽ കെ. ബാലചന്ദറിന്‍റെ ‘അപൂർവ്വരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രജനികാന്തിന്‍റെ ആദ്യ സോളോ നായക ചിത്രമായിരുന്നു എം. ഭാസ്കർ സംവിധാനം ചെയ്ത ‘ഭൈരവി’. ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ച് തുടങ്ങിയത്. ‘ഭൈരവി’യുടെ കഥയും നിർമാണവും കലൈജ്ഞാനമാണ് നിർവഹിച്ചത്. ‘തങ്കത്തിലെ വൈരം’, ‘മിരുതംഗ ചക്രവർത്തി’, ‘ഇലഞ്ചോഡിഗള്‍’, ‘കാതൽ പടുത്തും പാട്’, ‘അൻപൈ തേടി’ തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്‍റേതായിരുന്നു.