പ്രിയദർശൻ മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മരക്കാർ- അറബിക്കടലിന്‍റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. എന്നാല്‍ ഇത് ചരിത്രപ്രാധാന്യമുള്ള സിനിമയായിരിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
"എന്നും ഒപ്പമുണ്ടായിരുന്ന ലാലിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും ഈ ചിത്രം. കുറച്ച് ചരിത്രവും അതിലേറെ എന്‍റര്‍ടെയിന്‍മെന്‍റിലൂടെയുമാവും കഥ മുന്നോട്ട് പോകുന്നത്. ഇതൊരു റിയലിസ്റ്റ്ക് ചിത്രമോ ചരിത്ര സിനിമയോ ആയിരിക്കില്ല. കേരളത്തിലെ അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്. സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും കയ്യടിക്കാനുമാണ് എന്‍റെ സിനിമകള്‍. മരക്കാറും അത്തരത്തിലൊരു ചിത്രമായിരിക്കും."പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്ന പുതിയ മോഹൻലാല്‍ ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ മരക്കാറിലെ ഏതാനും വിഷ്വലുകൾ പ്രദർശിപ്പിച്ച് പ്രേക്ഷകരെയും സിനിമാ ലോകത്തെയും അമ്പരപ്പിച്ചിരുന്നു പ്രിയദർശൻ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2020 മാര്‍ച്ചില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയര്‍ ആണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത്. സുനില്‍ ഷെട്ടി, സിദ്ദീഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും എത്തുന്നുണ്ട്.