പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം 'പിഎം നരേന്ദ്ര മോദി' മെയ് 24ന് പ്രദർശനത്തിനെത്തും. ഏപ്രില്‍ 11ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിനെ തുടർന്ന് മാറ്റിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ചിത്രം കാണുക പോലും ചെയ്യാതെയാണ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതെന്ന് ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചിത്രം കണ്ടതിന് ശേഷം അന്തിമ തീരുമാനം അറിയിക്കാൻ കോടതി കമ്മിഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏഴംഗ സംഘം ചിത്രം കാണുകയും ചിത്രം തടയാനുള്ള കാരണങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കമ്മീഷന്‍റെ ആവശ്യം ശരിവച്ച കോടതി പ്രദർശനം തടയുന്ന കാര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ മേയ് 19ന് മുൻപ് റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയായി എത്തുന്നത്. സറീനാ വഹാബ്, ബൊമൻ ഇറാനി, മനോജ് ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.