കന്നട സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ എത്തിയ ചിത്രമായിരുന്നു കെജിഎഫ്. യഷ് നായകനായെത്തിയ ചിത്രം കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കെജിഎഫ് അടക്കി ഭരിച്ചിരുന്ന റൗഡി തങ്കത്തിന്‍റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ മകന്‍റെ പേര് ചീത്തയാക്കുന്നു എന്ന് ആരോപിച്ച് ചിത്രത്തിന് എതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് റൗഡി തങ്കത്തിന്‍റെ അമ്മ.
തങ്കത്തിന്‍റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ( സെക്കന്‍റ് ) അഡിഷണല്‍ കോര്‍ട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയച്ചു. രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം നിര്‍ത്തിവയ്ക്കണം എന്നാണ് തങ്കത്തിന്‍റെ അമ്മയുടെ ആവശ്യം. തന്‍റെ മകനെ മോശമായി ചിത്രീകരിച്ചുവെന്ന് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട തങ്കത്തിന്‍റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോക്കിയെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ തങ്കത്തിനെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെയും അണിയറ പ്രവര്‍ത്തകരുടെ വാദം. ഒക്ടോബര്‍ ഒൻപതിന് കേസ് കോടതി പരിഗണിക്കും.
ചാപ്റ്റര്‍ 2 ചിത്രീകരിച്ച് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ചിത്രത്തിന് നിയമനടപടി നേരിടേണ്ടിവരുന്നത്. നേരത്തെ, കെജിഎഫ് കുന്നുകളില്‍ ഷൂട്ടിങ് നടത്താന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതി ഷൂട്ടിങിന് സ്‌റ്റേ നല്‍കിയിരുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നു എന്ന് കാട്ടിയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.