ബോളിവുഡിലെ പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിച്ച് നടി നുസ്രത്ത് ബറൂച. ഒരു നടിയെന്ന നിലയില്‍ വർഷങ്ങൾ കഴിയുമ്പോൾ സിനിമാ മേഖലയില്‍ തനിക്ക് ലഭിച്ചേക്കാവുന്ന മൂല്യത്തെ കുറിച്ചും താരം സംസാരിച്ചു.
”പുരുഷാധിപത്യ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ സ്വയം ഇരയായി കരുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കറിയാം 50ാം വയസ്സിലും കാര്‍ത്തിക് ആര്യൻ നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മ വേഷങ്ങള്‍ മാത്രമേ ലഭിക്കൂ. അങ്ങനെയാണ് സിനിമാ മേഖല”- നുസ്രത്ത് പറഞ്ഞു. ബോളിവുഡില്‍ നായകനാണ് എല്ലാമെന്നും നായകന്‍റെ അരിക് ചേര്‍ന്ന് നില്‍ക്കാനേ നായികക്ക് കഴിയൂവെന്നും താരം കൂട്ടിചേർത്തു. 2011ല്‍ റിലീസ് ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമയാണ് നുസ്രത്തിന്‍റെ കരിയറില്‍ വഴിത്തിരിവായത്. എന്നാല്‍ ചിത്രം റിലീസ് ചെയ്ത സമയത്ത് മറ്റ് ഓഫറുകളൊന്നും വന്നില്ലെന്നും ബോളിവുഡിന്‍റെ സാമ്പ്രദായിക നായികാ സങ്കല്‍പ്പങ്ങളില്‍ ഉള്‍പ്പെടാതിരുന്നതാണ് അതിന് കാരണമെന്നും നുസ്രത്ത് പ്രതികരിച്ചു.
നേരത്തെ 'ലൂക്ക ചുപ്പി' എന്ന ചിത്രം വിജയിച്ചതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ചിത്രത്തിലെ നായകൻ കാര്‍ത്തികിന് നല്‍കിയതിനെതിരെ നടി കൃതി സനോണ്‍ രംഗത്തെത്തിയിരുന്നു. ഒരു ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിജയത്തിന് കാരണം നായകന്‍ മാത്രമാണെന്ന് പറയുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് കൃതി പറഞ്ഞത്. പിന്നാലെയാണ് സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നുസ്രത്ത് രംഗത്തെത്തിയത്.