ബോളിവുഡിന്‍റെ മെർലിൻ മൺറോ എന്നറിയപ്പെട്ടിരുന്ന മധുബാലയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തില്‍ ഒരു ഡൂഡിളിന്‍റെ രൂപത്തില്‍ ഗൂഗിൾ ഇന്ത്യൻ വെള്ളിത്തിരയുടെ സ്വപ്ന സുന്ദരിക്ക് ആദരവും അർപ്പിച്ചിരുന്നു. എന്നാല്‍ മധുബാലയെ ആദരിച്ചത് പോലെ, ഈ വരുന്ന ഫെബ്രുവരി 24 ന് ശ്രീദേവിയേയും ആദരിക്കൂ എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയോട് ആവശ്യപ്പെടുകയാണ് ശ്രീദേവി ആരാധകർ.
ശ്രീദേവിയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ഇന്നലെ ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്ത് ചേർന്നിരുന്നു. അനിൽ കപൂർ, അജിത്ത്, ശാലിനി എന്നിവരും ശ്രീദേവിയുടെ വസതിയിൽ എത്തിയിരുന്നു. ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പാണ് തല അജിത്തിനെ നായകനാക്കി ബോണി കപൂർ നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയായിരുന്നു മരണം. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ട് ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.