കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ പതിവുപോലെ ഇത്തവണയും മുംബൈയില്‍ നിന്നും അഭിനേത്രിയായ നദിയ മൊയ്തു എത്തി. ബിനാലെയുടെ മുന്‍ പതിപ്പുകളിലുമെല്ലാം മുടങ്ങാതെ നദിയ എത്തിയിരുന്നു.
കലയോടുള്ള ഇഷ്ടം തന്നെയാണ് ഓരോ ബിനാലെ കാലത്തും കൊച്ചിയിൽ എത്തിച്ചേരാൻ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ഈ പഴയ വിദ്യാർത്ഥിനിക്ക് പ്രചോദനമാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണാചാരിയുമായി അടുത്ത പരിചയവും നദിയയ്ക്കുണ്ട്.
ബിനാലെ കാഴ്ചകളുടെ കൂട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ആണ് തന്റെ ഇഷ്ടവിഷയം എന്നാണ് നാദിയ മൊയ്തു പറയുന്നത്. “ആർട്ട് എപ്പോഴും ഒരു ഓപ്പണ്‍ എന്‍റഡ് ഫിലിം പോലെയാണ്, കാഴ്ചക്കാർക്ക് പൂർത്തിയാക്കാൻ അതെന്തെങ്കിലും പകരം തരും,” നദിയ വ്യക്തമാക്കി.
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത് 1985ലാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ തിരിച്ചെത്തിയത് 10 വർഷങ്ങൾക്ക് ശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ റിലീസ് ആയ ‘നീരാളി’ എന്ന ചിത്രത്തിലും മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്കും നദിയ മൊയ്തു തിരിച്ചെത്തിയിരുന്നു.