നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ സിനിമക്ക് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം. ജല്ലിക്കെട്ടിന് ശേഷം മറ്റൊരു മലയാള സിനിമയും ലോകത്തിന് മുന്നിൽ ചർച്ചയാവുകയാണ്. ഫെസ്റ്റിവലിന്‍റെ സ്‌പെഷ്യല്‍ റെപ്രസന്‍റേഷന്‍ വിഭാഗത്തിലാണ് മൂത്തോൻ പ്രദര്‍ശിപ്പിച്ചത്.
വേൾഡ് പ്രീമിയറിനായി ഗീതു മോഹൻദാസ്, നിവിൻ പോളി, റോഷൻ മാത്യു, അനുരാഗ് കശ്യപ് തുടങ്ങിയവർ ടൊറന്‍റോയിൽ എത്തിയിരുന്നു. നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോൻ’. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്‍റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു.