നടന്‍ മോഹന്ലാലിന്റെ 59-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോകം മുഴുവനുമുള്ള മലയാളികള്‍ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേരുന്ന തിരക്കിലായിരുന്നു. തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും തന്‍റെ ബ്ലോഗിലൂടെ മോഹൻലാലും നന്ദി അറിയിച്ചിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് ആരംഭിച്ചിരിക്കുന്ന ബ്ലോഗിൽ ജനനത്തെയും മരണത്തെയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. “ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്. നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓർമപ്പെടുത്തുന്നു. ശേഷിച്ച സമയത്തിന്‍റെ വില മനസ്സിലാക്കിത്തരുന്നു. ആ മനസിലാക്കലിൽ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്‍കാൻ.” മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.
“തിരിഞ്ഞ് നോക്കുമ്പോൾ, കേരളത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ പിറന്ന ഞാൻ, ഞാൻ പോലും പ്രതീക്ഷിക്കാത്ത ഒരു മേഖലയിൽ എത്തിപ്പെട്ടു. അതിൽപ്പെട്ട് ഒഴുകി. അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞതിന് ശേഷമാണ്. അന്ന് മുതൽ ആത്മാർഥമായി എന്നെ അർപ്പിക്കുകയായിരുന്നു. വിജയങ്ങൾ ഉണ്ടായി. ഒപ്പം വീഴ്ചകളും. ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു. രണ്ടിനെയും ബാലൻസ് ചെയ്യാൻ ആദ്യമൊക്കെ ഞാനേറെ ബുദ്ധിമുട്ടി. പിന്നെ പിന്നെ രണ്ടിനെയും സമചിത്തതയോടെ നേരിടാൻ പഠിച്ചു.” -മോഹൻലാൽ പറയുന്നു.
ശങ്കരാചാര്യരുടേത് പോലെ ഒരു മരണമാണ് എല്ലാ പിറന്നാൾ ദിനത്തിലും താൻ സ്വപ്നം കാണാറുള്ളതെന്നും മോഹൻലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്നുണ്ട്. “ഏറ്റവും മനോഹരമായ മരണം ഏത് എന്ന് എന്നോട് ചോദിച്ചാൽ ശങ്കരാചാര്യരുടേത് എന്നാണ് ഉത്തരം. കാലം കഴിഞ്ഞപ്പോൾ, കർമങ്ങൾ തീർന്നപ്പോൾ കേദാർനാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞു മലകൾക്കപ്പുറത്തേക്ക് അദ്ദേഹം നടന്ന് പോയി. അത് പോലെ മാഞ്ഞ് പോവുക ഒരു സ്വപ്നമാണ്. ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ആ സ്വപ്നം കാണാറുണ്ട്. അത് ഒരിക്കലും യാഥാർഥ്യമാവില്ലെങ്കിലും.” എന്ന് പറഞ്ഞ് കൊണ്ടാണ് മോഹൻലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.