തിരുവനന്തപുരം: ക്യാമറ കൊണ്ട് ഇന്ദ്രജാലങ്ങൾ കാട്ടാനല്ല, മറിച്ച് ദൃശൃങ്ങളെ അതിന്‍റെ പൂർണതയില്‍ യാഥാർഥ്യ ബോധത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് എം. ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ എന്നും ശ്രമിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെയാവണം പി സി ശ്രീറാമിനെയും സന്തോഷ് ശിവനെയും പോലെയുള്ള ഇന്ത്യയിലെ മികച്ച ഛായാഗ്രഹകരുടെ പട്ടികയിലേക്ക് അദ്ദേഹത്തിന്‍റെ പേരും എഴുതപ്പെട്ടത്.
കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനാർദനൻ വൈദ്യരുടെയും പി. ലളിതയുടെയും മകനായി 1959ലാണ് എം ജെ രാധാകൃഷ്ണന്‍ ജനിച്ചത്. പുനലൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്. നിശ്ചല ഛായാഗ്രാഹകനായി സിനിമാരംഗത്ത് എത്തിയ എം ജെ പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങൾക്ക് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഏഴ് തവണയാണ് മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എം.ജെ യെ തേടിയെത്തിയത്. ഏറ്റവും കൂടുതൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചയാൾ കൂടിയാണ് അദ്ദേഹം.
ജയരാജ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ദേശാടനത്തിനാണ് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പിന്നീട് കരുണം, അടയാളങ്ങൾ,ബയോസ്കോപ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങൾക്കും സംസ്ഥാന പുരസ്കാരം നേടി. മരണ സിംഹാസനം എന്ന ചിത്രത്തിന് 1999 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പുരസ്കാരത്തിന് അർഹത നേടി. അടൂർ ഗോപാലകൃഷ്ണൻ, ടി.വി ചന്ദ്രൻ, ഡോ. ബിജു തുടങ്ങി പ്രതിഭാധനരായ സംവിധായകരുടെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച എം.ജെയുടെ ദൃശ്യങ്ങളിൽ എന്നും ജീവൻ തുടിച്ചു നിന്നിരുന്നു. ഏറ്റവും ഒടുവിൽ 22ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ 'വെയിൽ മരങ്ങൾ' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും എം.ജെ ആയിരുന്നു. ഷെയ്ൻ നിഗമിനെയും എസ്ത്തറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിനാണ് എം ജെ രാധാകൃഷ്ണൻ അവസാനമായി ക്യാമറ ചലിപ്പിച്ചത്. വാണിജ്യ സിനിമകൾക്കപ്പുറം സമാന്തര ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ച കലാപ്രതിഭയാണ് എം ജെ രാധാകൃഷ്ണന്‍റെ വിടവാങ്ങലിലൂടെ മലയാള സിനിമക്ക് നഷ്ടമാകുന്നത്.