കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍ ഷാഹിര്‍. ഫ്ലാറ്റ് വാങ്ങുന്നതിന് മുന്‍പ് അവിടെ താമസിച്ചിരുന്ന സുഹൃത്തുക്കളോടും മറ്റും അന്വേഷണം നടത്തിയിരുന്നു. പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും സൗബിന്‍ ഷാഹിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ തങ്ങൾക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും നടപടിക്ക് ഒരുങ്ങുമ്പോൾ ഞങ്ങളുടെ കാര്യം കൂടി നോക്കണ്ടേയെന്നും സൗബിൻ വികാരാധീനനായി പറഞ്ഞു. സംവിധായകൻ ബ്ലെസിയും നടന്‍ സൗബിന്‍ ഷാഹിറും ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. മേജര്‍ രവി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ പ്രമുഖരും സര്‍ക്കാര്‍ നടപടിയുടെ ആഘാതത്തിലാണ്.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച കൊച്ചി മരടിലെ 350 ഫ്ലാറ്റുകൾ ഈ മാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണു പൊളിക്കേണ്ടത്.