മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്‍റെ നായികയായാണ് മഞ്ജു എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ അഡ്വാന്‍സ് മാത്രം കൈപ്പറ്റിയാണ് മഞ്ജു അഭിനയിച്ചതെന്നാണ് നിര്‍മാതാവ് കലൈപ്പുളി എസ്. തനു പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
'അഡ്വാന്‍സ് മാത്രം വാങ്ങിയാണ് മഞ്ജു അഭിനയിക്കാന്‍ എത്തിയത്. പിന്നീട് അതിനെക്കുറിച്ച് മഞ്ജു സംസാരിച്ചിരുന്നില്ല. താനാണ് നിര്‍ബന്ധിച്ച് പണം നല്‍കിയത്.' നിര്‍മാതാവ് പറഞ്ഞു. ചിത്രത്തിലെ മഞ്ജുവിന്‍റെ പ്രകടനത്തെ പുകഴ്ത്തി ധനുഷും രംഗത്തെത്തി. 'മഞ്ജു എന്‍റെ അടുത്ത സുഹൃത്താണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്ന് പോയിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിന്‍റെ പ്രകടനം കണ്ടിട്ടാണ്. അവര്‍ അഭിനയിക്കുന്നുണ്ടെന്ന് പോലും അറിയാന്‍ കഴിയില്ല. അഭിനയം പൂര്‍ത്തിയാക്കി കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ കഷ്ടപ്പെടുമ്പോള്‍ മഞ്ജു വളരെ പെട്ടെന്നാണ് അതില്‍ നിന്ന് പുറത്ത് കടക്കുന്നത്' ധനുഷ് പറഞ്ഞു. മുപ്പത്തിയാറാം വയസില്‍ അസുരനില്‍ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്നതില്‍ വെട്രിമാരനോട് നന്ദി പറയുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ധനുഷിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് മഞ്ജുവും വാചാലയായി. ഇനിയും ഒരുപാട് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താരം വ്യക്തമാക്കി. 'മലയാളത്തിന്‍റെ അഭിനയ സരസ്വതി' എന്ന് മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഞ്ജുവിനെ അണിയറക്കാര്‍ വേദിയിലേക്ക് ക്ഷണിച്ചത്.