എറണാകുളം: ജാനുവിന്‍റെയും റാമിന്‍റെയും പ്രണയം പറഞ്ഞ 96 എന്ന സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുന്നു. നിരവധി സിനിമകളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ച സി. പ്രേംകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് '96'. വിജയ് സേതുപതിയും തൃഷയും ഗൗരി കിഷനും ആദിത്യ ഭാസ്ക്കറും ജാനുവിന്‍റെയും റാമിന്‍റെയും കഥാപാത്രങ്ങളിലൂടെ പകരം വെക്കാനാവാത്ത അഭിനയ മികവാണ് കാഴ്‌ചവെച്ചത്. ദൃശ്യാവിഷ്‌ക്കാരം കൊണ്ടും സംഗീത മികവുകൊണ്ടും പ്രേക്ഷകരിലേക്ക് ഒഴുകിയെത്തിയ ജാനുവിന്‍റെയും സിനിമയോടുള്ള ആരാധകരുടെ ഇഷ്ടം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നതിന്‍റെ തെളിവാണ് സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു കത്തിന്‍റെ ചിത്രം. സ്‌നേഹത്തിന് മുന്നില്‍ അക്ഷരത്തെറ്റുകള്‍ പോലും അഴകാണെന്ന കുറിപ്പോടെയാണ് സംവിധായകന്‍ കത്ത് പങ്കുവെച്ചത്.
- View this post on Instagram
அன்பில் எழுத்துப்பிழை கூட அழகே! #96 #96movie #lifeofram #karthiknetha #govindvasantha
">
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ കുമാറാണ് പ്രേംകുമാറിന് തമിഴില്‍ കത്തെഴുതിയത്. 96 എന്ന സിനിമയോടും ലൈഫ് ഓഫ് റാം എന്ന ഗാനത്തിലെ വരികളും സംഗീതവും ദൃശ്യാവിഷ്ക്കാരവും എത്രതവണ കണ്ടാലും മതിവരില്ല. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും, ഗാനത്തില്‍ കാഴ്‌ചകളെ സമ്മാനിച്ച പ്രകൃതിക്കും നന്ദിയറിയിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു. ആദ്യമായാണ് താന്‍ തമിഴില്‍ കത്തെഴുതുന്നതെന്നും അക്ഷരത്തെറ്റുകളെ കാര്യമാക്കരുതെന്നും രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇങ്ങനെ ഒരു കത്ത് എഴുതാന്‍ കാരണമായ സംവിധായകന് നന്ദി പറഞ്ഞുമാണ് അരുണ്‍ കത്ത് അവസാനിപ്പിച്ചത്.