താര സംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടന്നിരുന്നു. സംഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതില്‍ തീരുമാനാമാകാതെയാണ് ജനറല്‍ ബോഡി പിരിഞ്ഞത്. എന്നാല്‍ അമ്മയില്‍ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്നലെ ചർച്ച നടന്നിരുന്നു.
രാജി വച്ച അംഗങ്ങൾ 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ അപേക്ഷ നൽകിയാൽ അംഗങ്ങൾക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാൻ കഴിയണമെന്ന് മമ്മൂട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് അംഗങ്ങൾ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഇതിൽ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവാകും കൈക്കൊള്ളുക.
വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്‌നപരിഹാരത്തിനാകണം ശ്രമമമെന്നും മമ്മൂട്ടി പറഞ്ഞു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. രാജി വച്ച അംഗങ്ങൾക്ക് തിരികെ വരാൻ നടപടിക്രമങ്ങളുണ്ടെന്നും എന്നാൽ അവർ അപേക്ഷ നൽകിയാൽ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും യോഗത്തിന് ശേഷം അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.