കൊച്ചി: മലയാള സിനിമാ മേഖല ഇനിയും ഒരുപാട് മെച്ചപ്പെടണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. അടുത്ത കാലത്ത് ഉയർന്ന് വന്ന ആരോപണങ്ങൾ സിനിമാ മേഖലക്ക് ദോഷം ചെയ്യുന്നതാണ്. സമൂഹത്തിലെ മൂല്യച്യുതികളും രാഷ്‌ട്രീയത്തിലെ തിന്മകളും തുറന്ന് കാട്ടാൻ സിനിമകൾക്ക് കഴിയണം. അത്തരമൊരു കാഴ്ചപ്പാട് മലയാള സിനിമാപ്രവർത്തകർക്കുണ്ട്. നിരവധിയാളുകളുടെ ജീവിതോപാധിയും നിരവധിയാളുകൾ ആസ്വദിക്കുന്നതുമാണ് സിനിമ. ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ നമ്മുടെ ജീവിതം തന്നെ കാണിക്കുന്ന സിനിമകളാണ് നമുക്ക് ആശ്വാസം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ കിങ് ചാങ് എന്ന സിനിമയുടെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ. ഈ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും അദ്ദേഹം നിർവഹിച്ചു. വൈഷ്ണവി മൂവീസിന്റെ ബാനറിൽ സജീഷ് എസ് നിർമിച്ച് റോജോ പ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കിങ് ചാങ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. കോട്ടയം നസീർ മുഖ്യാതിഥിയായിരുന്നു. കിങ് ചാങ് സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.