നായകനായും വില്ലനായും സ്വഭാവ നടനായും എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവും മലയാളസിനിമയിൽ പ്രാവണ്യം തെളിയിച്ച നടൻ, സോമൻ ഓർമയായിട്ട് 22 വർഷം തികയുകയാണിന്ന്. 1997 ഡിസംബര്‍ 12നായിരുന്നു സോമന്‍ അന്തരിച്ചത്. പൗരുഷമുള്ള കഥാപാത്രങ്ങളും കർക്കശക്കാരനായ നാട്ടുകാരന്‍റെ വേഷവും ചതിയനായ ബന്ധുവിന്‍റെ വേഷവും, അങ്ങനെയെത്രയെത്ര അടയാളങ്ങൾ സോമനെന്ന അഭിനയപ്രതിഭയിൽ നിന്നും പിറന്നിരിക്കുന്നു.
1941 ഒക്ടോബര്‍ 28ന് തിരുവല്ലയിലെ മണ്ണടിപ്പറമ്പില്‍ ഗോവിന്ദ പണിക്കരുടെയും ഭവാനി അമ്മയുടെയും മകനായാണ് എം.ജി.സോമശേഖരന്‍ നായരുടെ ജനനം.
പ്രീഡിഗ്രി പൂർത്തിയാക്കി ഒമ്പത് വര്‍ഷത്തോളം വ്യോമസേനയിലെ സേവനത്തിനു ശേഷം കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടക ട്രൂപ്പിൽ ചേർന്നു. പിന്നീടാണ് സിനിമയിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം ഉണ്ടായത്.
1973ലെ പി.എന്‍.മേനോന്‍റെ 'ഗായത്രി' എന്ന ചിത്രത്തിലാണ് സോമൻ ആദ്യം അഭിനയിച്ചത്. 1976 മുതൽ 1983 വരെ നായകനായും തുടർന്ന് വില്ലനായും കൊമേഡിയനായും സഹനടനായും താരം പ്രതിഭ തെളിയിച്ചു. സുകുമാരനും ജയനും നിറഞ്ഞാടിയ കാലഘട്ടത്തില്‍ അവരോടൊപ്പം ഒട്ടും പ്രാധാന്യം കുറയാതെ തന്നെ തിരുവല്ലക്കാരനായ സോമനെന്ന അഭിനേതാവും മലയാളസിനിമയിൽ ഇടം പിടിച്ചു. 1977ലാണ് ഐ.വി.ശശിയുടെ സംവിധാനത്തിലിറങ്ങിയ 'ഇതാ ഇവിടെ വരെ' ചിത്രം റിലീസ് ചെയ്‌തതും ശേഷം മലയാളസിനിമയിലെ ഏറ്റവും പ്രാധാന്യമുള്ള നടനായി സോമൻ മാറിയതും. പിന്നീട് നായകനിൽ നിന്നും അഭിനയമികവുള്ള ഏതാനും കഥാപാത്രങ്ങളിലേക്കും എം.ജി.സോമന്‍റെ സിനിമാകരിയർ വഴിതിരിഞ്ഞു. മാന്യശ്രീ വിശ്വാമിത്രന്‍, മുഹൂർത്തങ്ങൾ, പഞ്ചാമൃതം, ചുവന്ന സന്ധ്യകള്‍, സ്വപ്‌നാടനം, രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, വന്ദനം, നവംമ്പർ 20 മദ്രാസ് മെയിൽ, പൊന്നി, ഒരു വിളിപ്പാടകലെ, പല്ലവി, തണല്‍, അനുഭവം തുടങ്ങിയവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്.
ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന എക്കാലത്തെയും മികച്ച വേഷവും ഭംഗിയോടെ ചെയ്‌തു തീർത്തു സോമനെന്ന മലയാളികളുടെ പ്രിയപ്പെട്ട നടൻ. 1997ൽ ഇറങ്ങിയ ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ലേലം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അവസാന സിനിമയും.1997ലാണ് മഞ്ഞപ്പിത്തത്തെത്തുടർന്ന് സോമൻ അന്തരിച്ചത്.