തെന്നിന്ത്യയുടെ മനസ് കവർന്ന നായകനടന്മാരില്‍ ഒരാളാണ് ആർ മാധവൻ. സിനിമയിലെത്തി 20 വർഷം പിന്നിടുന്നെങ്കിലും ഇപ്പോഴും പെൺകുട്ടികളുടെ ഹാർട്ട് ത്രോബ് ആയി തുടരുന്ന മാധവന്‍റെയും ഭാര്യ സരിത ബിർജിയുടെയും 20ാം വിവാഹ വാർഷികമാണിന്ന്. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് വിവാഹ വാർഷികത്തിന്‍റെ വിശേഷം താരം പങ്കുവച്ചത്.
''നിന്‍റെ പുഞ്ചിരിയും മിഴികളിലെ തിളക്കവും കാണുമ്പോൾ ഞാനൊരു ചക്രവർത്തിയാണെന്ന് തോന്നി പോകുന്നു. നിന്‍റെ അളവറ്റ സ്നേഹത്തിന് ഞാൻ അടിമയാണ്. നീ ഇത്രയും മനോഹരിയായത് കൊണ്ടാണ് എനിക്ക് ഞാനായിട്ട് ഇരിക്കാൻ സാധിക്കുന്നത്. ഭ്രാന്തമായ പ്രണയമാണ് എനിക്ക് നിന്നോട്'', ഭാര്യക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കൊണ്ട് മാധവൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
സിനിമയില്‍ എത്തുന്നതിന് മുൻപ് കമ്മ്യൂണിക്കേഷൻ, പബ്ലിക്ക് സ്പീക്കിങ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്ന കാലത്താണ് മാധവൻ തന്‍റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിതയെ വിവാഹം കഴിക്കുന്നത്. 1999ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. മാധവന്‍റെ പല ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവർത്തിച്ചിട്ടുണ്ട്. 2005ല്‍ ആണ് ഇരുവർക്കും മകൻ വേദാന്ത് ജനിക്കുന്നത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരം കൂടിയാണ് 14കാരനായ വേദാന്ത്.