നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ പേര് സ്ക്രീനില്‍ തെളിഞ്ഞു. 'ലൂസിഫർ- സംവിധാനം പൃഥ്വിരാജ്'. മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി മറ്റൊരു സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ഈ ഒരു കാരണം മാത്രം മതിയായിരുന്നു പ്രേക്ഷകർക്ക് ലൂസിഫറിനായി കാത്തിരിക്കാൻ.
പൃഥ്വിരാജ് എന്ന നടന്‍റെ അഭിനയ മികവ് മലയാളക്കര കണ്ടിട്ടുള്ളതാണ്. എന്നാല്‍ എങ്ങനെയായിരിക്കും പൃഥ്വിരാജ് എന്ന സംവിധായകൻ? തിയേറ്ററില്‍ നിന്ന് ഉയരുന്ന കയ്യടികൾ തന്നെയാണ് ആ ചോദ്യത്തിനുള്ള ഉത്തരം. താനൊരു മോഹൻലാല്‍ ആരാധകനാണെന്ന് പല ആവർത്തി പൃഥ്വി പറഞ്ഞിട്ടുണ്ട്. ആ വാചകത്തെ അക്ഷരം പ്രതി ശരിവക്കുന്നു 'ലൂസിഫർ' എന്ന ചിത്രം. മോഹൻലാലിനെ ആരാധകർ കാണാൻ ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് പൃഥ്വിരാജും മുരളി ഗോപിയും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ വാർത്തെടുത്തിരിക്കുന്നത്. ആറാം തമ്പുരാനിലും നരസിംഹത്തിലും എല്ലാം നമ്മൾ കണ്ട വിന്‍റേജ് മോഹൻലാലാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന് ഒരു ഘട്ടത്തില്ലെങ്കിലും പ്രേക്ഷകർ ചിന്തിക്കും.
ട്രെയിലറില്‍ നിന്ന് തന്നെ രാഷ്ട്രീയം ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലങ്ങളിലൊന്നാണെന്ന് വ്യക്തമായിരുന്നു. ശക്തനായ രാഷ്ട്രീയ നേതാവായ പികെആർ എന്ന പികെ രാംദാസിന്‍റെ മരണത്തില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അദ്ദേഹത്തിന്‍റെ മരണത്തോടെ അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്ന അനുയായികളും കുടുംബക്കാരും ഒരു വശത്ത്, മറു വശത്ത് പികെആർ മകനെ പോലെ സ്നേഹിച്ച സ്റ്റീഫൻ നെടുമ്പള്ളി. ഇവർക്കിടയിലെ ചതിയുടെയും പ്രതികാരത്തിന്‍റെയും കഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്‍റിറ്റി നല്‍കാൻ തിരക്കഥാകൃത്തായ മുരളി ഗോപിക്ക് സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സമീപ കാലത്ത് മഞ്ജു വാര്യർ അതിഭാവുകത്വമില്ലാതെയും തന്മയത്തത്തോടെയും അഭിനയിച്ച കഥാപാത്രമാകും പ്രിയദർശിനി രാംദാസ്. ടൊവിനോയുടെ ജതിൻ രാംദാസും തിയേറ്ററുകളില്‍ കൈയ്യടി നേടുന്നുണ്ട്. വിവേക് ഒബ്റോയിയുടെ ബോബിയാണ് ചിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റൊരു കഥാപാത്രം. ഭാഷയുടെ അതിർ വരമ്പുകൾ മറികടന്ന് പ്രകടനത്തിലും മോഹൻലാലിന് ഒപ്പത്തോട് ഒപ്പം നില്‍ക്കുന്നുണ്ട് വിവേക്. ആക്ഷൻ രംഗങ്ങളുമായി സെയ്ദ് മസൂദ് എന്ന പൃഥ്വിയുടെ കഥാപാത്രം കൂടി എത്തുന്നതോടെ തീയേറ്ററുകൾ പൂരപ്പറമ്പാകുന്നു. വളരെ ചെറിയ റോളായിരുന്നിട്ടും അഭിനയമികവ് കൊണ്ട് ഇന്ദ്രജിത്ത് ഗോവർദ്ധനെ മനോഹരമാക്കി. സുജിത് വാസുദേവിന്‍റെ മനോഹരമായ ഫ്രെയിമുകളും ദീപക് ദേവിന്‍റെ സംഗീതവും ചിത്രത്തിന്‍റെ 'മാസ്' മൂഡ് നിലനിർത്താൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
നെടുനീളൻ സംഭാഷണങ്ങൾക്കല്ല, മറിച്ച് മോഹൻലാല്‍ എന്ന താരരാജാവിന്‍റെ മാനറിസങ്ങൾക്കാണ് പൃഥ്വിരാജ് മുൻഗണന കൊടുത്തത്. പുലിമുരുകന് ശേഷം ആരാധകരെ ഇത്രയധികം സംതൃപ്ത്തിപ്പെടുത്തിയ മോഹൻലാല്‍ ചിത്രം ഒരു പക്ഷെ ലൂസിഫറായിരിക്കും. കഥയെ അടിസ്ഥാനമാക്കി നോക്കുമ്പോൾഅപ്രതീക്ഷിതമായി ഒന്നും തന്നെ ലൂസിഫറില്‍ ഇല്ലെങ്കിലും 'മാസ് എന്‍റർടെയ്നർ' എന്ന ലേബലിനോട് ചിത്രം നൂറ് ശതമാനവും നീതി പുലർത്തിയിട്ടുണ്ട്.