മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ലൂസിഫർ' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബില്‍ കയറിയ വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി എട്ടാം ദിവസമാണ് ലൂസിഫർ ഈ നേട്ടം കൈവരിച്ചത്. ഇതോടെ മലയാളത്തിലെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ. ഏറ്റവും വേഗം 100 ക്ലബില്‍ കയറിയ ആദ്യ മലയാള ചിത്രം കൂടിയായി ലൂസിഫര്‍. പുലിമുരുകനാണ് 100 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ മലയാള ചിത്രം. ചിത്രത്തിൻ്റെ ഈ അപൂർവ നേട്ടത്തെ കുറിച്ച് സ്റ്റാന്‍ലി സ്റ്റീഫന്‍ എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 100 കോടി ക്ലബ് എന്ന വീട്ടില്‍ ഒറ്റക്കിരിക്കുന്ന മുരുകന്‍, സ്റ്റീഫനെ വരവേല്‍ക്കുന്നതായിട്ടാണ് പോസ്റ്റ്. ഇനി ആരെങ്കിലും വരുമോ എന്ന ചോദ്യത്തിന് അടുത്ത മാസം തമിഴ്‌നാട്ടില്‍ നിന്നും ഒരു സുന്ദരന്‍ ഗുണ്ട എത്താന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:
'സ്റ്റീഫൻ്റെ വരവേല്‍പ്പ്'
100 CC സൊസൈറ്റിയിലേക്കുള്ള സ്റ്റീഫൻ്റെ പ്രവേശനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആണ് കഴിഞ്ഞത്. എങ്ങോട്ട് പോകണം എന്നൊന്നും സെക്യൂരിറ്റി പറഞ്ഞു തന്നില്ല. 'എൻട്രി പെർമിറ്റഡ്' എന്നു സീല്‍ ചെയ്ത ഒരു സ്വര്‍ണനിറത്തില്‍ ഉള്ള പേപ്പര്‍ മാത്രമാണ് നല്‍കിയത്. അപ്പുറത്ത് പ്രവേശനത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന കുറെ പേരെ കണ്ടു. പല നാട്ടില്‍ നിന്നുള്ളവര്‍. പല സംസ്കാരത്തില്‍ നിന്നുള്ളവര്‍. ചിലരുടെ ഒക്കെ ഡോക്യുമെൻ്റ് വെരിഫിക്കേഷനില്‍ പ്രശനങ്ങള്‍ കാണുന്നത് മൂലം പ്രവേശനം നിഷേധിക്കുന്നുണ്ട്. അതിൻ്റെ പ്രതിക്ഷേധങ്ങളും കാണാം. പച്ച കളറില്‍ ഉള്ള കൂറ്റന്‍ ഗേറ്റ് തുറന്നു അകത്തുകയറിയ അവനെ സ്വീകരിക്കാന്‍ അയാള്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. പുതിയ താമസസ്ഥലത്ത് എത്തിയതില്‍ അവനേക്കാളും സന്തോഷം അയാള്‍ക്ക് ആണ് എന്ന് തോന്നുന്നു. കണ്ടപ്പോള്‍ തന്നെ അങ്ങു കെട്ടിപിടിച്ചു.
'ഞാന്‍ മുരുകന്‍.' അയാള്‍ സ്വയം പരിചയപ്പെടുത്തി. 'അറിയാം. കേട്ടിട്ടുണ്ട് ഒരുപാട്. സത്യത്തില്‍ ജനിച്ച നാള്‍ തൊട്ടു നിങ്ങളെ കുറിച്ചു മാത്രമേ കേട്ടിട്ടൊള്ളൂ'
മുരുകന്‍ ചിരിച്ചു. സ്റ്റീഫൻ്റെ ലഗേജ് മൊത്തം മുരുകന്‍ ഒറ്റയ്ക്ക് ചുമലില്‍ അങ്ങു കയറ്റി. തടയാന്‍ നോക്കിയ സ്റ്റീഫനെ അയാള്‍ ചിരിച്ചു കൊണ്ട് തള്ളി മാറ്റി.
'വാടാ. നാലാം നിലയിലാണ് നിൻ്റെ മുറി. ഞാന്‍ എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ട്.' ചിരിച്ചു കൊണ്ട് മുരുകന്‍ സാധനങ്ങളും എടുത്തു മുന്നോട്ട് നീങ്ങി. 'അയ്യോ. നിന്നെ കണ്ട സന്തോഷത്തില്‍ പരിചയപെടുത്താന്‍ വിട്ടു പോയി. ഇതാണ് സത്യന്‍ ഭായ്. തെലുങ്കനാണ് എങ്കിലും കുറച്ചൊക്കെ മലയാളം അറിയാം.' അപ്പോളാണ് സ്റ്റീഫനും അയാളെ ശ്രദ്ധിച്ചത്. മുരുകൻ്റെ കൂടെ നിന്ന സത്യനെ. ഒരു ചിരിയോടെ സത്യന്‍ സ്റ്റീഫനെ തൊഴുതു. 'ഈ കാണുന്ന പുള്ളിയൊന്നും അല്ല. വലിയ ടീം ആണ്. അടിപൊളി ഒരു വണ്ടി മെക്കാനിക്കും ആണ്. എൻ്റെ ലോറി ഒക്കെ പുഷ്പം പോലെ ശെരിയാക്കി തന്ന മനുഷ്യന്‍ ആണ്'.സത്യന്‍ സ്റ്റീഫനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു. 'നിങ്ങള്‍ സംസാരിക്കൂ. നേനു തരുവന വസ്താനു'. ഓക്കെ ഭായ്. മുരുകന്‍ ഒരു ഷേക് ഹാന്‍ഡ് സത്യന് കൊടുത്തു. സത്യന്‍ അങ്ങോട്ടു നടന്നു പോയി. എതിര്‍ വശത്തേക്ക് സ്റ്റീഫനും മുരുകനും നടന്നു തുടങ്ങി. 'നിനക്ക് അത്യാവശ്യം ഭാഷ ഒക്കെ അറിയാമല്ലേ ?'മുരുകന്‍ സ്റ്റീഫനോട് ചോദിച്ചു. 'അങ്ങനെയൊന്നുമില്ല'.
'എനിക്ക് ആണേല്‍ മലയാളം അല്ലാതെ വേറെ ഒരു ഭാഷ അറിയില്ല. ഞാന്‍ വരുമ്പോള്‍ ഇവിടെ വേറെ ഒരു മലയാളി പേരിനു പോലും ഇല്ല. ഇവന്മാരുടെ ഇടയില്‍ ഞാന്‍ പിടിച്ചു നില്‍ക്കാന്‍ പെട്ട പാട്. പിന്നെ സത്യന്‍ ഭായ്ക്കു കുറച്ചു മലയാളം അറിയാവുന്ന കൊണ്ട് ഒരു തരത്തില്‍ രക്ഷപെട്ടു. നിനക്കു അറിയാമോ മൂന്ന് വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ് വേറെ ഒരു മലയാളി വരാന്‍ ആയിട്ട്.
'പക്ഷെ മുരുകണ്ണാ ഞാന്‍ കേട്ടത് വേറെയും ആള്‍ക്കാര്‍ വന്നു എന്നാണല്ലോ.' സ്റ്റീഫന് ഒരു വിശ്വാസമില്ലായ്മ പോലെ. 'ഡെയ് വന്നു എന്നത് ഒക്കെ സത്യമാണ്. പക്ഷെ അവന്മരെ ഒന്നും ഇതിനക്കത്ത് കയറ്റില്ല. ഇതിനകത്ത് പേപ്പറും കണക്കും ഒക്കെ ശരിയാണെങ്കില്‍ മാത്രമേ കയറ്റി വിടൂ. ലവന്മാര്‍ എല്ലാം കൂടെ പിന്നെ കട്ടയിട്ടു ഇത്തിരി മാറി ഒരു കൊച്ചു വീട് അങ്ങു വാടകയ്ക്കു എടുത്തു. പുറത്തു 100 CC എന്നൊരു ബോര്‍ഡും അങ്ങു തൂക്കി.'സ്റ്റീഫന് ചിരി അടക്കാന്‍ ആയില്ല.'ഞാന്‍ ഇവന്മാരെ ഒന്നും കണ്ടിട്ടില്ല ഇതു വരെ. എല്ലാം കേട്ടറിവാണ്. ദോ ആ കാണുന്നത് ആണ് നമ്മുടെ സ്ഥലം' മുരുകൻ വെള്ള പെയിൻ്റ് അടിച്ച ഒരു കൂറ്റന്‍ കെട്ടിടം ചൂണ്ടി കാണിച്ചു. 'ഇതു കുറെ ഉണ്ടല്ലോ'. സ്റ്റീഫന്‍ അത്രയും വലിയൊരു കെട്ടിടം പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. 'അത് നോക്കണ്ട മോനെ. ആ വലിയ കെട്ടിടത്തില്‍ ഈ ചേട്ടന്‍ മാത്രമേ ഉള്ളൂ. ഇനി തൊട്ടു മോനും ഉണ്ടാകും. ഞാന്‍ പിന്നെ കുറച്ചു പിള്ളേരെ അപ്പുറത്തെ ഹിന്ദിക്കാരുടെ ഫ്ലാറ്റില്‍ നിന്നു ഇങ്ങോട്ടു കൊണ്ട് വന്നിട്ടുണ്ട്.'
'അതെന്ത് പറ്റി?' 'അവിടെ തമാസിക്കാന്‍ സ്ഥലമില്ല എന്നേ. ഓരോ വര്‍ഷവും കുറെ എണ്ണം ഇങ്ങോട്ടു പോരും. നമുക്കു ആണെല്‍ സ്ഥലം ഒരു വിഷയം അല്ലല്ലോ. ഞാന്‍ കുറച്ചു പിള്ളേരെ അത് കൊണ്ട് ഇങ്ങോട്ടു കൊണ്ടു പോന്നു. എനിക്കും വേണ്ടേ സംസാരിച്ചും പറഞ്ഞും ഇരിക്കാന്‍ കുറച്ചു ആള്‍ക്കാര്‍. ഇവന്മാര്‍ക്ക് പിന്നെ പ്രിയന്‍ സാറിനോട് ഉള്ള ഒരു ബഹുമാനവും എന്നോട് ഉണ്ട്.'
'ആ പുള്ളിയുടെ ആളും അടുത്ത വര്‍ഷം ഇങ്ങോട്ടു വരും മിക്കവാറും'. 'കുഞ്ഞു. അല്ലെ ?' 'കുഞ്ഞാലി'. സ്റ്റീഫന്‍ മുരുകനെ തിരുത്തി. 'അതെന്നെ. ഒരേ പേരില്‍ മൂന്നാലെണ്ണം ഉള്ളത് കൊണ്ട് എനിക്ക് തന്നെ സംശയമാണ്'. മുരുകന്‍ ചിരിച്ചു കൊണ്ട് ലിഫ്റ്റിൻ്റെ അടുത്തേക്ക് നീങ്ങി. സ്റ്റീഫന്‍ മുരുകനെ ഒന്നു നോക്കി. എത്ര നിഷ്കളങ്കനായ മനുഷ്യന്‍. ഇയാള്‍ ആണ് പുലിയെ അതിൻ്റെ മടയില്‍ കയറി പിടിക്കുന്ന ആളെന്ന് വിശ്വസിക്കാനവുന്നില്ല. സ്റ്റീഫന്‍ സ്വയം ഒന്നു ചിരിച്ചു.
സ്റ്റീഫൻ്റെ ചിരി കണ്ട മുരുകന്‍ എന്ത് എന്ന ഭാവത്തില്‍ ഒന്നു കണ്ണു കൊണ്ടു ചോദിച്ചു. സ്റ്റീഫന്‍ ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന അര്‍ഥത്തില്‍ തലയൊന്നാട്ടി. ലിഫ്റ്റിൻ്റെ മുമ്പില്‍ കാത്തു നിന്ന അവരുടെ മുമ്പിലേക്ക് ലിഫ്റ്റ് തുറന്നു രണ്ടു ചെറുപ്പക്കാര്‍ ഇറങ്ങി വന്നു. ഒരാള്‍ അന്ധനാണ്. എന്നാല്‍ പെരുമാറ്റം കണ്ടാല്‍ അങ്ങനെ തോന്നില്ല. മറ്റെയാള്‍ ഫോണില്‍ ആണ്. എന്നാലും മുരുകനെ കണ്ടപ്പോള്‍ ഫോണ്‍ മാറ്റി ഗ്രീറ്റ് ചെയ്ത്. 'സലാം ബച്ചോ. 'ഇത് ആകാശ്, ഇത് സോനു' മുരുകന്‍ പിള്ളേരെ സ്റ്റീഫന് പരിചയപ്പെടുത്തി. 'ഓര്‍ യെ മേരാ ദോസ്ത് സ്റ്റീഫന്‍. കേരള സേ ആയ ഹൈ. ഹൂം. ആജ് സേ യഹം ഹൈ. ഹൂം.' 'അച്ഛാ..ആഖിര്‍ ആപ്കോ കോയി മിലാ ഹായ് അപ്ക്കാ ശിക്കാരി ശംഭു കഹാനി ബോല്‍നെ കെലിയേ' - സോനു ചിരിച്ചോണ്ടു ഒരു കൊട്ട്. 'ശിക്കാരി ശംഭു യുവർ ഫാദർ. താമസിക്കാന്‍ സ്ഥലം കൊടുത്തതും പോരാ, എനിക്കിട്ടു ചാമ്പലും- മുരുകന് സ്പോട്ടില്‍ തന്നെ കലിപ്പായി. 'ചൂട്ടാവല്ലേ ചേട്ടാ. എന്നാ പാര്‍ട്ടി ?' 'ആജ് രാത്. സബ്കോ ലേഖേ ആനാ. ഓര്‍ ആകാശ് തൂ ജാ റാഹേ നാ. ടോ തേരാ ഗാന ഭീ' ടീഖേ ഭായ്. അവര്‍ രണ്ടും പുറത്തേക്കു പോയി.
ലിഫ്‌റ്റില്‍ കയറിയ സ്റ്റീഫന്‍ മുരുകനോട് ചോദിച്ചു - ' ആകാശിന് കണ്ണു കാണില്ലേ ?' മുരുകന്‍ അര്‍ത്ഥം വച്ചൊരു ചിരി. 'നല്ല സഹവാസം. ഈ ഹിന്ദി ഒക്കെ ഈ പിള്ളേര് പഠിപ്പിച്ചതായിരിക്കും അല്ലെ ?' 'ഏയ്. അതെന്നെ സ്ത്രീ പഠിപ്പിച്ചതാ' 'സ്ത്രീയാ ?'
'ഡെയ് നീ വിചാരിക്കുന്ന ഐറ്റം അല്ല. ഒരു നിരൂപദ്രവകാരി പ്രേതമാണ്. എല്ലാവരുടെയും വാതിലില്‍ പോയി മുട്ടും. ആരും തുറക്കില്ല. ഞാന്‍ പിന്നെ ഒന്നും രണ്ടും പറഞ്ഞിങ്ങനെ ഇരിക്കും. രാത്രി പരിചയപെടുത്താം' ലിഫ്റ്റ് തുറന്നു മുരുകനും സ്റ്റീഫനും കോറിഡോറിലേക്ക് നീങ്ങി. ലിഫ്റ്റിൻ്റെ അവിടെ നിന്നു ആറാമത്തെ ഫ്ലാറ്റ്. ഡോറില്‍ വലിയ അക്ഷരത്തില്‍ L എന്നു പെയിന്‍റ് ചെയ്തു വെച്ചിട്ടുണ്ട്. കതക് തുറന്ന് രണ്ടു പേരും അകത്തു കയറി. വിശാലമായ സംഭവം. 'എന്നാല്‍ ആവുന്ന വിധം ഞാന്‍ വൃത്തിയാക്കി ഇട്ടിട്ടുണ്ട്. എന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞാല്‍ മതി'. 'ഇതു തന്നെ ധാരാളം. അണ്ണാ താങ്ക്സ്.' 'താങ്ക്സ് ഞാന്‍ സ്റ്റീഫനാ പറയേണ്ടത്. ഒറ്റയ്ക്കുള്ള ഈ താമസം അവസാനിച്ചല്ലോ.' - മുരുകൻ്റെ ശബ്ദത്തില്‍ ഒരു വലിയ സാമാധാന സൂചന എക്കോ ചെയ്യുന്നതായി സ്റ്റീഫന് തോന്നി. സ്റ്റീഫന്‍ ഒന്നു പുഞ്ചിരിച്ചു. 'ഇനി ആരെങ്കിലും ഉണ്ടോടെ അവിടുന്ന് ഇങ്ങോട്ടേക്ക് ഈ അടുത്തങ്ങാനും?' - മുരുകന്‍ ഒരു പ്രതീക്ഷയോടെ സ്റ്റീഫനോട് ചോദിച്ചു. 'പന്ത്രണ്ടാം തീയതി തമിഴ്നാട്ടില്‍ നിന്നൊരു ഗുണ്ട കെട്ടിയെഴുന്നേല്‍ക്കുന്നുണ്ട് എന്നു കേട്ടു. മുടിഞ്ഞ ഗ്ലാമര്‍ ആണ് പുള്ളിക്ക്. ഇങ്ങോട്ടു വരാന്‍ നല്ല സാധ്യത ഉണ്ട്'. സ്റ്റീഫന്‍ പറഞ്ഞു. 'എന്നാലേ ഞാന്‍ പോയി അപ്പുറത്തെ ഫ്ലാറ്റും വൃത്തിയാക്കി ഇട്ടേക്കാം. പെട്ടെന്ന് എങ്ങാനും വന്നാലോ. അപ്പോള്‍ സ്റ്റീഫാ ഇന്ന് രാത്രി എൻ്റെ ഫ്ലാറ്റില്‍ പാര്‍ട്ടി. നമുക്ക് അടിച്ചു പൊളിക്കാം.'മുരുകന്‍ പുറത്തേക്ക് പോയി. സ്റ്റീഫന്‍ ഡ്രോയിങ് റൂമിലെ ജനലിലൂടെ പുറത്തേക്ക് നോക്കി. തുടങ്ങുമ്പോള്‍ ഒരിക്കലും കരുതിയതല്ല ഇത്ര പെട്ടെന്ന് ഇവിടെ എത്തും എന്ന്. അയാള്‍ അവിടെ കണ്ട സോഫയില്‍ പോയി കിടന്നു. ഒരു കൊച്ചു കുട്ടിയെ പോലെ സ്വസ്ഥമായി അങ്ങു ഉറങ്ങി.