ഇടതൂർന്ന താടിരോമങ്ങളും ചുണ്ടിലെരിയുന്ന സിഗരറ്റും തലയിൽ കെട്ടുമായി വന്ന് മലയാള സിനിമയെ മാറ്റിയെഴുതിയ ലോഹിതദാസ് ഓർമ്മയായിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. സിനിമയെ സ്നേഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചും ഒരു തീരാനഷ്ടമാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും വേർപ്പാട്.
നാടകരംഗത്ത് സജീവമായിരുന്ന ലോഹിതദാസിനെ സിനിമയിലേക്ക് ആനയിച്ചത് നടൻ തിലകൻ ആയിരുന്നു. 1987ൽ സിബി മലയിലിനു വേണ്ടി 'തനിയാവർത്തനം' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയായിരുന്നു ലോഹിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പാരമ്പര്യമായി ഭ്രാന്ത് വിഴുങ്ങിയ കുടുംബത്തിന്‍റെ അവസാനത്തെ ഇരയായി ചുറ്റുമുള്ളവർ ഭ്രാന്തിലേക്ക് കൊണ്ടെത്തിച്ച ബാലൻ മാഷായി മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ പ്രേക്ഷക മനസ്സ് നീറി. നിരൂപക പ്രശംസയും സാമ്പത്തിക വിജയവും ഒരു പോലെ നേടിയ ചിത്രം മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലോഹിക്ക് നേടി കൊടുത്തു. പോലീസ് ഇൻസ്പെക്ടറാകുന്നത് സ്വപ്നം കണ്ട് അവസാനം കൊലയാളിയാകേണ്ടി വന്ന സേതുമാധവന്‍റെ ആത്മസംഘർഷങ്ങൾ ഏറ്റവും 'റിയലിസ്റ്റിക്ക്' ആയി എഴുതി വെച്ച അദ്ദേഹം പിന്നീട് തിരക്കഥ രംഗത്തെ 'കിരീടം' വെച്ച രാജാവായി മാറുകയായിരുന്നു. വാടകഗർഭത്തെ കുറിച്ച് മലയാളിക്ക് കേട്ടുകേൾവി പോലും ഇല്ലാത്ത കാലത്ത് ദശരഥത്തിലൂടെ ആ കഥയും പറഞ്ഞു ലോഹി.
സൂപ്പർഹിറ്റ് തിരക്കഥാകൃത്തായി വാഴുന്നതിനിടയിലാണ് അദ്ദേഹം സംവിധായകന്‍റെ കുപ്പായം അണിഞ്ഞത്. 1997ൽ 'ഭൂതക്കണ്ണാടി'യിലൂടെയായിരുന്നു തുടക്കം. മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടി മലയാള സിനിമയിലെ മുൻനിര സംവിധായകനാകാൻ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹത്തിന് സാധിച്ചു. പച്ചയായ മനുഷ്യരും പച്ചയായ പറച്ചിലുകളുമായിരുന്നു ലോഹി ചിത്രങ്ങളുടെ മുഖമുദ്ര. തനിയാവർത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയിലെ അഭിനേതാവിന് മൂർഛ കൂട്ടിയപ്പോൾ കിരീടം, ചെങ്കോൽ, ഭരതം, കമലം, കൻമദം തുടങ്ങിയവ മോഹൻലാലിനെ 'ദ ബോൺ ആക്ടർ' എന്ന വിളിപേരിന് കൂടുതൽ അർഹനാക്കി.
ജീവിതത്തിൽ പരാജയപ്പെട്ടവരായിരുന്നു ലോഹിയുടെ നായകന്മാരിൽ ഏറെയെങ്കിലും അവയിലൊന്ന് പോലും തനിയാവർത്തനങ്ങളായിരുന്നില്ല. ആണ്ണിന്‍റെ നിഴലിൽ ഒതുങ്ങി കൂടുന്ന സ്ഥിരം നായിക കഥാപാത്രങ്ങളുടെ 'സ്റ്റീരിയോടൈപ്പ്' തച്ചുടയ്ക്കാൻ കന്മദത്തിലെ ഭാനുവിലൂടെയും കസ്തൂരിമാനിലെ പ്രിയംവദയിലൂടെയും ലോഹിക്ക് കഴിഞ്ഞു. എഴുതിയത് 44 തിരക്കഥകൾ, സംവിധാനം ചെയ്തത് 12 സിനിമകൾ ഇത്രയുമായിരുന്നു 20 വർഷം നീണ്ട ലോഹിയുടെ ചലച്ചിത്ര ജീവിതം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. അവയിൽ ഭൂരിഭാഗവും നിസ്സംശയം 'ക്ലാസ്' എന്ന് വിളിക്കാൻ അർഹമായ ചിത്രങ്ങളായിരുന്നു.
ഒരു പക്ഷെ ഇനിയും ഒരായിരം കഥകൾ പറയാനുണ്ടായിരുന്നിരിക്കണം ആ അതുല്യപ്രതിഭയ്ക്ക്. ആ കഥകൾക്കായി മലയാളി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2009 ജൂൺ 28ന് കാലം ലോഹിയെ തിരികെ വിളിച്ചു. പക്ഷെ കാലമെത്ര കഴിഞ്ഞാലും ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞ് പോകാൻ ലോഹിതദാസ് എന്ന സിനിമാക്കാരന് കഴിയില്ല.